കൊറോണ ഭീതിക്കിടയിലും പരിശീലനം പുനരാരംഭിക്കാന്‍ ഇറ്റാലിയന്‍ ക്ലബ് നാപോളി
നാപോളിയുടെ തീരുമാനത്തിനെതിരെ കളിക്കാരുടെ സംഘടന തന്നെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
കൊറോണ വൈറസ് നിലവില്‍ ഏറ്റവും ഭീതിതമായി നാശം വിതച്ചുകൊണ്ടിരിക്കുന്ന രാജ്യമായി ഇറ്റലി തുടരുകയാണ്. അവിടെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4000 കവിഞ്ഞു. ഈ ആശങ്കകള്‍ക്കിടയിലും ഫുട്‌ബോള്‍ പരിശീലനം മാര്‍ച്ച് 25 മുതല്‍ പുനരാരംഭിക്കുമെന്ന ഇറ്റാലിയന്‍ ക്ലബ് നാപോളിയുടെ പ്രഖ്യാപനം വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.
25ന് രാവിലെ തങ്ങളുടെ ടെക്‌നിക്കല്‍ സെന്ററില്‍ ഫുട്‌ബോള്‍ ടീം പരിശീലനം പുനരാരംഭിക്കുമെന്നാണ് നാപോളി അറിയിച്ചിരിക്കുന്നത്. ഇറ്റലിയിലെ ഫുട്‌ബോള്‍ കളിക്കാരുടെ സംഘടനയായ AIC ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. കളിക്കാരുടെ സംഘടനയുടെ പ്രസിഡന്റ് ഡാമിയാനോ തൊമാസി ക്ലബിന്റെ നീക്കം കളിക്കാര്‍ക്ക് അപകടമാണെന്ന് പറഞ്ഞു. ഇറ്റലി പരമാവധി സ്തംഭിച്ച നിലയിലാണുള്ളത്. ഈ ലോക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് നാപോളിയുടെ തീരുമാനം.
മാര്‍ച്ച് ഒമ്പതിന് ശേഷം ഇറ്റലിയില്‍ കായികമത്സരങ്ങളൊന്നും നടന്നിട്ടില്ല. സീരി എ മത്സരങ്ങള്‍ കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ അടച്ചിട്ട മൈതാനങ്ങളില്‍ നടന്നിരുന്നെങ്കിലും കാര്യങ്ങള്‍ കൈവിട്ടതോടെ ലീഗ് പൂര്‍ണ്ണമായും നീട്ടിവെച്ചിരിക്കുകയാണ്. യുവന്റസിന്റെ ഡാനിയേല റുഗാനി, മറ്റൗഡി തുടങ്ങിയ താരങ്ങളിലും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ഒരാഴ്ച്ചയായി ഇറ്റലിയിലെ കോവിഡ് 19 മരണ നിരക്ക് കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഇതോടെ ആറ് കോടി ജനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ അടച്ചിട്ട നിലയിലാണുള്ളത്. ലോകത്തെ ഇതുവരെ നടന്ന കോവിഡ് 19 മരണങ്ങളില്‍ 36 ശതമാനവും ഇറ്റലിയിലാണുണ്ടായത്. കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ 8.6 ശതമാനം മരിക്കുന്നുവെന്നത് ലോകത്തെ തന്നെ ഉയര്‍ന്ന മരണ നിരക്കാണ്.