മകന്‍ ക്വാറന്റെയ്ന്‍ തെറ്റിച്ചെങ്കില്‍ തടവിലാക്കാമെന്ന് റയല്‍ മാഡ്രിഡ് താരത്തിന്റെ പിതാവ്
ക്വാറന്റെയ്ന്‍ നിയമം തെറ്റിച്ചാല്‍ ലൂക്ക ജോവിക്കിനെ അറസ്റ്റ് ചെയ്ത് തടവിലാക്കേണ്ടി വരുമെന്ന് സെര്‍ബിയന്‍ പ്രസിഡന്റ് തന്നെ അറിയിച്ചിരുന്നു...
തന്റെ മകന്‍ തെറ്റു ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്ത് ജയിലിലിടാമെന്ന് റയല്‍മാഡ്രിഡ് താരം ലൂക്ക ജോവിക്കിന്റെ പിതാവ്. ക്വാറന്റെയ്ന്‍ നിയമങ്ങള്‍ തെറ്റിച്ച് സ്‌പെയിനില്‍ നിന്നും സെര്‍ബിയയിലെത്തിയതോടെയാണ് 22കാരനായ സെര്‍ബിയന്‍ യുവതാരത്തിനെതിരെ സ്വന്തം രാജ്യത്ത് നിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്നത്. ലൂക്ക ജോവിക് ഇനിയും ക്വാറന്റെയ്ന്‍ നിയമം തെറ്റിച്ചാല്‍ അറസ്റ്റു ചെയ്ത് തടവിലാക്കേണ്ടി വരുമെന്ന് സെര്‍ബിയന്‍ പ്രധാനമന്ത്രി തന്നെ ഭീഷണിപ്പെടുത്തിയിരുന്നു.
തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ലൂക്ക ജോവിക്കിനെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാമെന്ന് പറയുന്നുണ്ടെങ്കിലും മകന്‍ തെറ്റു ചെയ്തിട്ടില്ലെന്നാണ് വിശ്വസിക്കുന്നതെന്നാണ് മിലാന്‍ ജോവിക് പറയുന്നത്. വൈദ്യ പരിശോധനകള്‍ നടത്തിയെന്നും രണ്ട് തവണ കൊറോണ വൈറസ് നെഗറ്റീവാണ് ഫലം ലഭിച്ചതെന്നുമാണ് ലൂക്ക ജോവിക്കിന്റെ വാദം. പെണ്‍ സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിനാണ് ലൂക്ക ജോവിക് നിയന്ത്രണങ്ങള്‍ വകവെക്കാതെ സെര്‍ബിയയിലെത്തിയത്.
തന്റെ മകന്‍ ലൂക്കയുടെ പെണ്‍സുഹൃത്ത് സോഫിയ ഗര്‍ഭിണിയാണെന്നും അവര്‍ക്ക് യാത്രചെയ്യാന്‍ പരിമിതിയുള്ളതിനാലാണ് മകന്‍ സെര്‍ബിയയിലേക്ക് വന്നതെന്നുമാണ് പിതാവ് മിലാന്‍ ജോവിക് ന്യായീകരിക്കുന്നത്. ഏതോ വലിയ കുറ്റവാളിയെ പോലെയാണ് മകനെ വിശേഷിപ്പിക്കുന്നതെന്നും ബെല്‍ഗ്രേഡില്‍ എത്തിയശേഷം ലൂക്ക ജോവിക് വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ലെന്നുമാണ് പിതാവിന്റെവാദം.
ബാസ്‌കറ്റ് ബോള്‍ താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് റയല്‍മാഡ്രിഡ് പരിശീലന ക്യാമ്പ് അടച്ചത്. ഇതോടെ റയല്‍മാഡ്രിഡ് താരങ്ങളെല്ലാം സ്‌പെയിനില്‍ ക്വാറന്റെയ്‌നിലായിരുന്നു. ഈ ക്വാറന്റെയ്ന്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് ലൂക്കജോവിക് സ്‌പെയിനില്‍ നിന്നും സെര്‍ബിയയിലേക്ക് പറന്നത്. സ്‌പെയിനില്‍ വെച്ചും പിന്നീട് സെര്‍ബിയയില്‍ വെച്ചും നടത്തിയ പരിശോധനകളില്‍ തനിക്ക് കൊറോണ ബാധയില്ലെന്ന് തെളിഞ്ഞെന്നാണ് ലൂക്ക ജോവിക്കിന്റെ വാദം.
ये à¤à¥€ पà¥�ें- ചാമ്പ്യന്‍സ് ലീഗ്, യൂറോപ ലീഗ് ഫൈനലുകള്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
ക്വാറന്റെയ്ന്‍ വ്യവസ്ഥകള്‍ പാലിക്കാതെ ലൂക്ക ജോവിക് നാട്ടിലെത്തിയതും പുറത്തിറങ്ങിയതുമെല്ലാം സെര്‍ബിയയില്‍ വലിയ വാര്‍ത്തയായിരുന്നു. സെര്‍ബിയന്‍ പ്രസിഡന്റ് തന്നെ ലൂക്ക ജോവിക് ഇനി ക്വാറന്റെയ്ന്‍ ലംഘിച്ചാല്‍ തടവിലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സ്വയം നിരീക്ഷണത്തില്‍ ഇരിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലായിരുന്നുവെന്നാണ് ലൂക്ക ജോവിക്കിന്റെ വിശദീകരണം. സ്‌പെയിനില്‍ ആയിരുന്നപ്പോള്‍ മെഡിക്കല്‍ സ്‌റ്റോറിലും സൂപ്പര്‍മാര്‍ക്കറ്റിലും പോയിരുന്നു അതുകൊണ്ടാണ് സെര്‍ബിയയില്‍ വന്നപ്പോഴും പുറത്തിറങ്ങിയത്. ഏതെങ്കിലും തരത്തില്‍ തന്റെ ഭാഗത്തു നിന്നുംവീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും ഈ വിഷമം പിടിച്ച ഘട്ടത്തെ നമുക്ക് ഒരുമിച്ച് നേരിടാമെന്നുമാണ് ലൂക്ക ജോവിക് വിശദീകരിക്കുന്നത്.