രണ്ട് മാസം റൊണാള്‍ഡോ തെറ്റ് സമ്മതിച്ചില്ല, ഒടുവില്‍ യുവന്റസ് സഹതാരങ്ങള്‍ക്ക് ഐമാക്
പരിശീലകന്‍ മാസിമിലാനോ അലെഗ്രിയാണ് ചെയ്യുന്ന തെറ്റുകള്‍ക്ക് പകരം സഹതാരങ്ങള്‍ക്ക് സമ്മാനം നല്‍കണമെന്ന രീതി യുവന്റസില്‍ കൊണ്ടുവന്നത്...
ഒരിക്കല്‍ ചെയ്ത തെറ്റിന് പ്രാശ്ചിത്തമായി യുവന്റസ് ടീമിലെ മുഴുവന്‍പേര്‍ക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഐ മാക് വാങ്ങി നല്‍കിയെന്ന് സഹതാരത്തിന്റെ വെളിപ്പെടുത്തല്‍. യുവന്റസ് ഗോളിയും പോളിഷ് താരവുമായ വോഴ്‌ചെ സ്റ്റാന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2018ല്‍ വലന്‍സിയക്കെതിരെ ചുവപ്പ്കാര്‍ഡ് കണ്ടതിനെ തുടര്‍ന്നായിരുന്നു റൊണാള്‍ഡോക്ക് ഈ വിലപ്പെട്ട സമ്മാനം സഹതാരങ്ങള്‍ക്ക് നല്‍കേണ്ടി വന്നത്.
യുവന്റസിനുവേണ്ടി ആദ്യമായി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനിറങ്ങിയപ്പോഴായിരുന്നു 2018ല്‍ പോര്‍ച്ചുഗീസ് താരത്തിന് ചുവപ്പ് കാര്‍ഡ് കാണേണ്ടിവന്നത്. വലന്‍സിയയുടെ പ്രതിരോധതാരം ജെയ്‌സണ്‍ മുറില്ലോയെ മുടിപിടിച്ച് വലിച്ചതിനായിരുന്നു റൊണാള്‍ഡോക്ക് ചുവപ്പ് കിട്ടിയത്. നിരാശയും ദേഷ്യവും സഹിക്കാതെ കരഞ്ഞുകൊണ്ടാണ് അന്ന് ക്രിസ്റ്റ്യാനോ കളം വിട്ടത്.
കളി തുടങ്ങി അരമണിക്കൂറിനകം റൊണാള്‍ഡോ പുറത്തുപോയെങ്കിലും വലന്‍സിയയെ യുവന്റസ് 2-0ത്തിന് തോല്‍പിച്ചു. എന്നാല്‍ പരിശീലകന്‍ മാസിമിലാനോ അലെഗ്രിയുടെ നിയമത്തിന്റെ പിടിയില്‍ നിന്നും റൊണാള്‍ഡോക്ക് രക്ഷപ്പെടാനായില്ല. തെറ്റുകള്‍ക്ക് സഹതാരങ്ങള്‍ക്ക് സമ്മാനം നല്‍കണമെന്നതായിരുന്നു ഈ നിയമം. രണ്ട് മാസത്തോളം ക്രിസ്റ്റിയാനോ റൊണാള്‍ഡോ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സമ്മാനം നല്‍കാന്‍ തയ്യാറായില്ല.
ഒടുവില്‍ പരിശീലകന്‍ നേരിട്ട് വിളിച്ച് കാര്യം പറഞ്ഞു. രക്ഷപ്പെടാനാവില്ലെന്ന് ഉറപ്പായതോടെ റൊണാള്‍ഡോ വഴങ്ങി. എല്ലാ സഹതാരങ്ങള്‍ക്കും പുത്തന്‍ ഐമാകും ലഭിച്ചു. പോളിഷ് ടോക് ഷോയായ Prosto w Szczeneയിലായിരുന്നു സ്റ്റാന്‍സിയുടെ വെളിപ്പെടുത്തല്‍.
ഒരിക്കല്‍ തനിക്കും അലെഗ്രിയുടെ ഈ ശിക്ഷക്ക് ഇരയാവേണ്ടി വന്നിട്ടുണ്ടെന്നും യുവന്റസ് ഗോള്‍ കീപ്പര്‍ പറഞ്ഞു. പരിശീലനത്തിന് അരമണിക്കൂര്‍ വൈകിയെത്തിയതായിരുന്നു തെറ്റ്. ഒടുവില്‍ സഹതാരങ്ങള്‍ക്കെല്ലാം ഹെഡ്‌ഫോണ്‍ വാങ്ങി നല്‍കിയെന്നും സ്റ്റാന്‍സി പറയുന്നു.