‘ട്വിറ്റര്‍ ലീഗില്‍’ ബ്ലാസ്റ്റേഴ്സിന് വമ്പന്‍ ജയം; ഇന്തോനേഷ്യന്‍ ക്ലബിനെ തോല്‍പിച്ച് ക്വാര്‍ട്ടറില്‍
ബ്ലാസ്റ്റേഴ്സിന് പുറമെ ചെന്നൈയിന്‍ എഫ്.സിയാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത മറ്റൊരു ഐ.എസ്.എല്‍ ടീം
ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാന്‍ ബാസ് മീഡിയ നടത്തുന്ന സോഷ്യല്‍ മീഡിയ പോള്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഇന്തോനേഷ്യന്‍ ക്ലബായ പെര്‍സിബ് ബാണ്ടങ്കിനെ തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ടീമിന് വിജയം സമ്മാനിച്ചത്.
പൊരിഞ്ഞ പോരാട്ടത്തിനൊടുവിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ ജയം. സാന്‍ബാസ് മീഡിയ സംഘടിപ്പിച്ച ഈ പോളില്‍ പ്രേക്ഷകര്‍ക്ക് തങ്ങളുടെ ഇഷ്ട ക്ലബിന് വോട്ട് ചെയ്യാം. 3.74 ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്തതില്‍ 51 ശതമാനം വോട്ടുകള്‍ നേടിയാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്. ഇന്ത്യയിലെ മറ്റ് പ്രമുഖ ടീമുകളുടെ ആരാധകരും ബ്ലാസ്റ്റേഴ്സിനായി വോട്ട് ചെയ്തിട്ടുണ്ട്. തുര്‍ക്കി ക്ലബായ ഗലാട്ടസറെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ക്വാര്‍ട്ടറിലെ എതിരാളികള്‍.
ബ്ലാസ്റ്റേഴ്സിന് പുറമെ ചെന്നൈയിന്‍ എഫ്.സിയാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത മറ്റൊരു ഐ.എസ്.എല്‍ ടീം. പക്ഷെ, ആദ്യ റൌണ്ടില്‍ തന്നെ ചെന്നൈയിന്‍ എഫ്.സി പുറത്തായി. ബ്ലാസ്റ്റേഴ്സിന് വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ സാന്‍ ബാസ് മീഡിയയുടെ ട്വിറ്റര്‍ പേജ് സന്ദര്‍ശിക്കേണ്ടതാണ്.