കോവിഡിനെ തോല്‍പിച്ച് ജര്‍മ്മനിയിലും ഇറ്റലിയിലും ഫുട്‌ബോള്‍ തിരിച്ചുവരുന്നു
കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇറ്റലിയിലേയും ജര്‍മ്മനിയിലേയും ഫുട്‌ബോള്‍ ലീഗുകളാണ് തിരിച്ചുവരവിന്റെ പാതയിലുള്ളത്...
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തടസപ്പെട്ട ഇറ്റലിയിലെ സീരി എയും ജര്‍മ്മനിയിലെ ബുണ്ടസ് ലിഗയും തിരിച്ചുവരുന്നു. ഇരു ലീഗുകിളുടേയും സംഘാടകരാണ് ഇത് സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ നടത്തിയത്. കോവിഡിനെ തുടര്‍ന്ന് സ്തംഭനാവസ്ഥയിലായ കായിക ലോകത്തിന് പുതുപ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇറ്റലിയില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും വരുന്നത്.
യൂറോപിലെ സുപ്രധാന ഫുട്‌ബോള്‍ ലീഗുകളായ സീരി എയും ബുണ്ടസ് ലിഗയും നിലവില്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗ്(ഡി.എഫ്.എല്‍) ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ്റ്റ്യന്‍ സെയ്‌ഫെര്‍ട്ടാണ് ബുണ്ടസ് ലിഗയും 2 ബുണ്ടസ് ലിഗയും മെയ് ആദ്യത്തോടെ തിരിച്ചുവരാന്‍ പോകുന്ന വിവരം അറിയിച്ചത്. മാര്‍ച്ച് 13നായിരുന്നു കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് ബുണ്ടസ് ലിഗ നിര്‍ത്തിവെച്ചത്.
ये à¤à¥€ पà¥�ें- കോവിഡ് സഹായ ഫണ്ടുമായി പ്രീമിയര്‍ ലീഗ് താരങ്ങള്‍
ഈ വര്‍ഷത്തെ മുഴുവന്‍ മത്സരങ്ങളും അടച്ചിട്ട സ്‌റ്റേഡിയങ്ങളില്‍ നടത്താനാണ് ഡി.എഫ്.എല്ലിന്റെ തീരുമാനം. കളിക്കാരും, പരിശീലകരും, മെഡിക്കല്‍ സ്റ്റാഫും, മാച്ച് ഒഫീഷ്യലുകളും മാധ്യമപ്രവര്‍ത്തകരും അടക്കം ഓരോ ഫുട്‌ബോള്‍ മത്സരത്തിനും പരമാവധി 240 പേര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിനകത്തേക്ക് അനുമതിയുണ്ടാവുക. കളിക്കുന്ന ടീമുകളില്‍ ഒന്നിന് കളിദിവസത്തെ നിയന്ത്രണങ്ങളിലും രണ്ടാമത്തെ ടീമിന് ആരോഗ്യ രോഗനിയന്ത്രണ കാര്യങ്ങളിലും ചുമതല നല്‍കുമെന്നും ബുണ്ടസ് ലിഗ അധികൃതര്‍ വ്യക്തമാക്കി. മെയ് ആദ്യവാരം തിരിച്ചുവരവ് നടത്താനായാല്‍ ബുണ്ടസ് ലിഗക്ക് 750 മില്യണ്‍ യൂറോ(ഏകദേശം 1300 കോടിരൂപ) നഷ്ടം ഒഴിവാക്കാനാകുമെന്നും സെയ്‌ഫെര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ഇറ്റലിയിലും ഫുട്‌ബോള്‍ ലീഗായ സീരി എ തിരിച്ചുവരാനായി ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പ്രാദേശിക മാധ്യമമായ ലാ റിപ്പബ്ലിക്കയാണ് സീരി എ തിരിച്ചുവരാനുള്ള നടപടികള്‍ പുരോഗമിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. ഇറ്റാലിയന്‍ തലസ്ഥാനമായ റോം കേന്ദ്രീകരിച്ച് ടീമുകള്‍ക്ക് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. റോമിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ടീമുകള്‍ക്ക് പരിശീലനത്തിനും അവസരമൊരുക്കും.