കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനെ പുറത്താക്കി
2019-20 സീസണില്‍ 18 കളികളില്‍ നിന്നും 19 പോയിന്റുമായി ഏഴാം സ്ഥാനത്തായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്.
ഐ.എസ്.എല്ലില്‍ പരിശീലകന്‍ എല്‍കോ ഷട്ടോരിയെ കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കി. പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഡച്ച് പരിശീലകനായ ഷട്ടോരിയെ ബ്ലാസ്റ്റേഴ്‌സ് മാറ്റിയിരിക്കുന്നത്. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനെ മാറ്റിയ വിവരം അറിയിച്ചിരിക്കുന്നത്.
എല്‍കോ ഷട്ടോരിയുടെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടും അദ്ദേഹത്തിന് മികച്ച ഭാവി ആശംസിച്ചുകൊണ്ടുമുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ട്വീറ്റ് രാവിലെ എട്ടുമണിയോടെയാണ് പ്രത്യക്ഷപ്പെട്ടത്. കരോലിസ് സ്‌കിന്‍കിസ് കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ടിംങ് ഡയറക്ടറായി ചുമതലയേറ്റ് ഒരു മാസത്തിനകമാണ് നിര്‍ണ്ണായക നീക്കമുണ്ടായിരിക്കുന്നത്.
Kerala Blasters FC have parted ways with the Head Coach, Eelco Schattorie.
— K e r a l a B l a s t e r s F C (@KeralaBlasters) April 22, 2020
We'd like to thank Eelco for his efforts and services during his tenure and wish him the best for the future.#KeralaBlasters pic.twitter.com/OMZ4hGJJAD
2019-20 സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് മികച്ച പ്രകടനം നടത്താനായിരുന്നില്ല. 18 കളികളില്‍ നിന്നും 19 പോയിന്റുമായി ഏഴാം സ്ഥാനത്തായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. ആകെ നാല് മത്സരങ്ങളില്‍ മാത്രമാണ് സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായത്.
ഐ.എസ്.എല്ലില്‍ അവസാനസ്ഥാനങ്ങളിലായിരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആദ്യമായി പ്ലേ ഓഫിലെത്തിച്ച പരിശീലകനാണ് ഷട്ടോരി. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ ഷട്ടോരിയുടെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതായിരുന്നില്ല. ഷട്ടോരിയുടെ പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിട്ടില്ല.