ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസതാരം ചുനി ഗോസ്വാമിക്ക് വിട

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനേയും ബംഗാള്‍ രജ്ഞി ട്രോഫി ക്രിക്കറ്റ് ടീമിനേയും നയിച്ചതിന്റെ അപൂര്‍വ്വ റെക്കോഡ് സ്വന്തമായുള്ള ഇതിഹാസതാരമാണ് ചുനി ഗോസ്വാമി...

Update: 2020-05-01 03:17 GMT

1962 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്ന ചുനി ഗോസ്വാമി(82) അന്തരിച്ചു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്ന മരണം.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനേയും ബംഗാള്‍ രഞ്ജി ടീമിനേയും നയിച്ച് റെക്കോഡിട്ട താരമാണ് ചുനി ഗോസ്വാമി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ ടീമിനെ നയിച്ചയാള്‍. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ്ണമെഡല്‍ നേടുമ്പോള്‍ ബാനര്‍ജി, ഗോസ്വാമി, തുള്‍സിദാസ് ബാലറാം ത്രയമായിരുന്നു മുന്നേറ്റ നിരയില്‍. അന്ന് ഇന്ത്യ നേടിയ 11ല്‍ ഒമ്പത് ഗോളും നേടിയത് ഈ മൂവര്‍ സംഘമായിരുന്നു. പി.കെ ബാനര്‍ജി ഏതാണ്ട് ഒരു മാസം മുമ്പാണ് വിടപറഞ്ഞത്.

Advertising
Advertising

1956 മുതല്‍ 1964 വരെയുള്ള കാലത്ത് ഇന്ത്യക്കായി 50 മത്സരങ്ങള്‍ കളിച്ച താരമാണ് ചുനി. 1962ല്‍ ഏഷ്യയിലെ മികച്ച സ്‌ട്രൈക്കര്‍ക്കുള്ള പുരസ്‌ക്കാരം ചുനി ഗോസ്വാമിക്കായിരുന്നു. 1964ല്‍ ഏഷ്യ കപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് 27ആം വയസില്‍ അദ്ദേഹം ദേശീയ ടീമില്‍ നിന്നും വിരമിക്കുന്നത്.

ये भी पà¥�ें- വിടപറഞ്ഞത്, ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം

പിന്നീട് നീണ്ട 11 വര്‍ഷക്കാലം ക്രിക്കറ്റായിരുന്നു ചുനി ഗോസ്വാമിയുടെ തട്ടകം. 1973 വരെയുള്ള കാലത്ത് 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ബംഗാളിനെ നയിച്ചു. 1971-72 സീസണില്‍ നായകനായിരിക്കെ രഞ്ജിയില്‍ ബംഗാളിനെ ഫൈനലിലെത്തിച്ചു. കലാശപ്പോരാട്ടത്തില്‍ ഗവാസ്‌കറും സുനില്‍ മങ്കാദും അടങ്ങിയ കരുത്തരായ ബോബെയോടായിരുന്നു തോല്‍വി. 46 കളികളില്‍ നിന്നും 47 വിക്കറ്റും 1592 റണ്‍സും ചുനി ഗോസ്വാമി സ്വന്തം പേരിലാക്കിയിട്ടുണ്ട്

15 വര്‍ഷം തുര്‍ച്ചയായി മോഹന്‍ ബഗാനുവേണ്ടി കളിച്ച ചരിത്രവും ചുനി ഗോസ്വാമിക്കുണ്ട്. ജൂനിയര്‍ ടീമിലെ കാലം കൂടി കണക്കിലെടുത്താല്‍ 1946 മുതല്‍ 1968 വരെയുള്ള സുദീര്‍ഘമായ 22 വര്‍ഷങ്ങള്‍ ചുനി മോഹന്‍ ബഗാനില്‍ കളിച്ചു. ഇതിനിടെ ഈസ്റ്റ് ബംഗാള്‍ മുതല്‍ പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടന്നം വരെയുള്ളവരുടെ ക്ഷണങ്ങള്‍ നിരസിച്ച ചരിത്രവും ചുനി ഗോസ്വാമിക്കുണ്ട്.

1960ല്‍ ജെ.സി ഗുഹ ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് ഈസ്റ്റ് ബംഗാള്‍ ചുനി ഗോസ്വാമിയെ ക്ഷണിച്ചത്. ഒപ്പം പുത്തന് ഫിയറ്റ് കാറിന്റെ പ്രലോഭനവുമുണ്ടായിരുന്നു. എന്നാല്‍ ചുനി ബഗാന്‍ വിട്ടില്ല. 1962ല്‍ ഏഷ്യയിലെ മികച്ച സ്‌ട്രൈക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ചുനി ഗോസ്വാമിയെ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ ട്രയല്‍സിന് ക്ഷണിക്കുന്നത്. അന്ന് എന്തുചെയ്യണമെന്നറിയാന്‍ മോഹന്‍ ബഗാന്‍ ക്യാപ്റ്റന്‍ ധീരന്‍ ഡേയെ സമീപിച്ചു. അവിടെ ഒറ്റക്ക് എന്തു ചെയ്യുമെന്ന ഡേയുടെ ചോദ്യത്തിന് മുന്നില്‍ ടോട്ടന്നത്തിലേക്ക് പോകുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

രാജ്യം ചുനി ഗോസ്വാമിയെ അര്‍ജുന അവാര്‍ഡും(1963), പത്മശ്രീയും(1983) നല്‍കി ആദരിച്ചിട്ടുണ്ട്. 2005ല്‍ അദ്ദേഹത്തിന്റെ സ്വന്തം ക്ലബ് മോഹന്‍ ബഗാന്‍ രത്‌ന പുരസ്‌കാരം നല്‍കി ചുനി ഗോസ്വാമിയെ ആദരിച്ചു. അദ്ദേഹത്തിന്റെ 82ആം ജന്മദിനത്തില്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ് പ്രത്യേക സ്റ്റാംപ് പുറത്തിറക്കിയിരുന്നു.

Tags:    

Similar News