ലാലിഗ താരങ്ങള്‍ കോവിഡ് പരിശോധന നടത്തി, പരിശീലനം ആരംഭിച്ചു
ലാലിഗയിലെ കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കുമുള്ള കോവിഡ് പരിശോധന പൂര്‍ത്തിയായി. പിന്നീട് മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
രണ്ട് മാസത്തെ ഇടവേളക്കു ശേഷം ലാലിഗയില്‍ വീണ്ടും ഫുട്‌ബോള്‍ സജീവമാകുന്നു. ജൂണില്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കേ ടീമുകള്‍ പരിശീലനം ആരംഭിച്ചു. കളിക്കാര്‍ കോവിഡ് പരിശോധന നടത്തുന്നതിന്റേയും മാസ്‌കും ഗ്ലൗസും ധരിച്ച് പരിശീലനം ആരംഭിച്ചതിന്റേയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബുണ്ടസ് ലിഗയില്‍ മെയ് അവസാനത്തോടെ കളികള്‍ പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ലാ ലിഗയില്‍ നിന്നും ശുഭവാര്‍ത്തകളെത്തുന്നത്. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നായ സ്‌പെയിനില്‍ ജൂണ്‍ മധ്യത്തോടെയാണ് ഫുട്‌ബോള്‍ ലീഗ് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
ബാഴ്‌സ താരങ്ങള്‍ കോവിഡ് പരിശോധന നടത്തുന്നതിന്റേയും സുരക്ഷാ മുന്‍കരുതലുകളെടുത്ത് പരിശീലനത്തില്‍ ഏര്‍പ്പെട്ടതിന്റേയും ചിത്രങ്ങള്‍ ബാഴ്‌സലോണ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. കളിക്കാര്‍ വൈദ്യ പരിശോധനക്കെത്തുന്നതിന്റെ വീഡിയോയും ബാഴ്‌സലോണ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
മറ്റൊരു ലാലിഗ ക്ലബായ റയല്‍ മാഡ്രിഡും താരങ്ങള്‍ കോവിഡിന് ശേഷം തിരിച്ചെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. തിരിച്ചുവരവിന്റെ ആദ്യ പടി എന്ന അടിക്കുറിപ്പോടെയായിരുന്നു റയല്‍ മാഡ്രിഡ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അത്‌ലറ്റികോ മാഡ്രിഡും കളിക്കാര്‍ വൈദ്യ പരിശോധനക്കെത്തുന്നതിന്റെ ദൃശ്യങ്ങള്‍ ട്വീറ്റു ചെയ്തു.
നേരത്തെ നിശ്ചയിച്ച പ്രകാരം മൂന്ന് ഘട്ടങ്ങളിലായിട്ടായിരിക്കും ലാലിഗ തിരിച്ചുവരിക. ആദ്യഘട്ടത്തില്‍ കളിക്കാര്‍ ഒറ്റക്കും രണ്ട് ആഴ്ച്ചക്കുശേഷം ചെറു സംഘങ്ങളായും പരിശീലനം നടത്തും. പിന്നീട് ടീം മുഴുവനായി പരിശീലനം നടത്തിക്കഴിഞ്ഞശേഷമായിരിക്കും കളി പുനരാരംഭിക്കുക. ചെറു സംഘങ്ങളായുള്ള പരിശീലനം ആരംഭിച്ചാല്‍ കളിക്കാര്‍ക്ക് വീട്ടുകാരുമായോ സുഹൃത്തുക്കളുമായോ ബന്ധമില്ലാതെ കഴിയേണ്ടി വരും. തുടര്‍ച്ചയായി കോവിഡ് പരിശോധനകള്‍ നടക്കുകയും ഇതില്‍ പോസിറ്റീവാകുന്നവരെ മാറ്റി നിര്‍ത്തുകയും ചെയ്യും. അടച്ചിട്ട മൈതാനത്തിലാണ് ലാലിഗയിലും മത്സരങ്ങള്‍ നടക്കുക.
സ്‌പെയിനില്‍ കൊറോണ വൈറസ് വ്യാപകമായതോടെ മാര്‍ച്ച് 12ന് ശേഷം ലാ ലിഗയില്‍ മത്സരങ്ങള്‍ നടന്നിട്ടില്ല. ഇനി 11 റൗണ്ട് മത്സരങ്ങളാണുള്ളത്. നിലവില്‍ 27 കളികളില്‍ നിന്നും 58 പോയിന്റുമായി ബാഴ്‌സലോണ ഒന്നാമതും 56 പോയിന്റുമായി റയല്‍മാഡ്രിഡ് രണ്ടാമതുമാണ്.