'വിളിച്ചോണ്ട് പോ, ഇല്ലെങ്കില്‍ അവനെ ഞങ്ങള്‍ കൊല്ലും...' അര്‍ജന്റീനയില്‍ കുട്ടി മെസി നേരിട്ട വെല്ലുവിളികള്‍
അര്‍ജന്‍റീനയിലെ ന്യുവെല്‍ ക്ലബിലേക്ക് തിരിച്ചുപോവുകയെന്ന സ്വപ്നത്തെക്കുറിച്ച് മെസി പറഞ്ഞിരുന്നു. എന്നാല്‍ കുടുംബത്തിന്റെ സുരക്ഷയും ഭാവിയും തന്റെ സ്വപ്‌നത്തേക്കാള്‍ വലുതാണെന്നും മെസി സൂചിപ്പിച്ചിരുന്നു
പ്രതിഭകൊണ്ട് ധാരാളിയായിരുന്നെങ്കിലും ചെറുപ്പം മുതലേ ശാരീരികമായി നിരവധി പരിമിതികളുണ്ടായിരുന്ന താരമാണ് ലയണല്‍ മെസി. ഫുട്‌ബോള്‍ ലോകത്തേക്കുള്ള മെസിയുടെ ആദ്യ വരവ് അത്ര സുഖകരമായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ബന്ധുവായ മാക്‌സി ബിയാന്‍കുചി പറഞ്ഞിരിക്കുന്നത്. തന്നേക്കാള്‍ ശാരീരികക്ഷമതയും വലിപ്പവുമുള്ള എതിരാളികള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കുക എളുപ്പമായിരുന്നില്ലെന്നും മാക്‌സി പറയുന്നു.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ബാഴ്‌സലോണയുടെ അവിഭാജ്യഘടകവും ലോകഫുട്‌ബോളിലെ മിന്നും താരവുമാണ് മെസി. ഇതിനിടെ ആറ് ബാലണ്‍ ദിയോറുകളും മെസിയുടെ ഷെല്‍ഫിലെത്തി. തന്റെ ഉയരക്കുറവ് ഒരിക്കലും മെസി പോരായ്മയായി മാറാന്‍ അനുവദിച്ചിട്ടില്ല. കുട്ടിക്കാലം മുതല്‍ക്കേ നിരവധി വെല്ലുവിളികള്‍ മെസിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മാക്‌സി ബിയാന്‍കുചി ഒലേക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ये à¤à¥€ पà¥�ें- ക്രിസ്റ്റ്യാനോയുടെ പൂര്‍ണ്ണതയല്ല, മെസിയുടെ മാജിക്കിനോടാണ് ഇഷ്ടമെന്ന് ക്ലോപ്
'കുട്ടികളായിരുന്നപ്പോള്‍ ഞങ്ങള്‍ ഒന്നിച്ച് കളിച്ചിട്ടുണ്ട്. അന്ന് അവനേക്കാള്‍ ഉയരമുണ്ട് ഞങ്ങള്‍ക്കെല്ലാം. അവനെ വിളിച്ചോണ്ടുപൊക്കോ അല്ലെങ്കില്‍ കൊല്ലുമെന്ന് എതിരാളികള്‍ എപ്പോഴും പറയുമായിരുന്നു. തൊഴിച്ചു വീഴ്ത്താനുള്ള ശ്രമങ്ങളെ മറികടന്നായിരുന്നു അന്നേ മെസിയുടെ കളി.
എനിക്ക് എട്ടൊമ്പത് വയസുള്ളപ്പോള്‍ ശനിയാഴ്ച്ചകളില്‍ നേരത്തെ എഴുന്നേല്‍ക്കും. മെസിയുടെ കളി കാണലായിരുന്നു ലക്ഷ്യം. ഞങ്ങള്‍ കുട്ടികളെ അത്ഭുതപ്പെടുന്ന പലപ്രകടനങ്ങളും അവന്‍ അന്നേ നടത്തിയിരുന്നു' ബിയാന്‍കുചി പറയുന്നു.
അര്‍ജന്റീനയില്‍ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്ന ക്ലബിന്റെ ജൂനിയര്‍ തലത്തില്‍ മെസി കളിച്ചിട്ടുണ്ട്. പിന്നീട് 2001ല്‍ ബാഴ്‌സലോണയിലേക്ക് മെസിയും കുടുംബവും ചേക്കേറുകയായിരുന്നു. വളര്‍ച്ചാ ഹോര്‍മോണുകളുടെ കുറവിനെ തുടര്‍ന്ന് പ്രായത്തിനൊത്ത ശാരീരിക വളര്‍ച്ചയില്ലാത്ത കുട്ടിയായിരുന്നു മെസി. കളിക്കൊപ്പം മെസിയുടെ ചികിത്സാ ചിലവുകളും ഏറ്റെടുത്താണ് അന്ന് ബാഴ്‌സലോണ മെസിയെ സ്വന്തമാക്കിയത്.
മെസിക്ക് അര്‍ജന്റീനയിലേക്ക് തിരിച്ചുവരണമെന്നും ന്യുവെല്‍ ക്ലബിന് വേണ്ടി കളിക്കണമെന്നും ആഗ്രഹമുണ്ടാകാമെന്നും മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങളാണ് മെസിയെ അലട്ടുന്നതെന്നുമാണ് ബിയാന്‍കുചി പറയുന്നത്. ന്യുവെല്‍ ക്ലബിലേക്ക് തിരിച്ചുപോകുകയെന്ന സ്വപ്‌നത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം മെസി തന്നെ പറഞ്ഞിരുന്നു.
'കുട്ടിക്കാലം മുതലേയുള്ള ഒരു സ്വപ്‌നമാണത്. പക്ഷേ എനിക്ക് ഇപ്പോള്‍ ഒരു കുടുംബമുണ്ട്. മൂന്ന് കുട്ടികളും. ഇപ്പോള്‍ ജീവിക്കുന്ന സ്ഥലമാണ് എനിക്കെല്ലാം തന്നത്. ഇവിടെ ജീവിതം ശാന്തമാണ്. കുട്ടികളുടെ ഭാവിയും സുരക്ഷിതമാണ്. എന്റെ സ്വപ്‌നത്തേക്കാള്‍ കുടുംബത്തെ അര്‍ജന്റീനയിലേക്ക് തിരിച്ചുപോകുന്നതിന്റെ സുരക്ഷയെക്കുറിച്ച് ബോധിപ്പിക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്' എന്നായിരുന്നു TyC Sports ന് നല്‍കിയ അഭിമുഖത്തില്‍ മെസി പറഞ്ഞത്.