ഛേത്രിക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരം സഹലെന്ന് ബൂട്ടിയ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇന്‍സ്റ്റഗ്രാം പേജിലെ ലൈവ് ചാറ്റിനിടെയാണ് ബൂട്ടിയയുടെ പ്രവചനം...

Update: 2020-05-31 10:27 GMT

സുനില്‍ ഛേത്രിക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരമായി മലയാളിയായ സഹല്‍ അബ്ദുള്‍ സമദ് മാറുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസതാരം ബെയ്ചുങ് ബൂട്ടിയ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇന്‍സ്റ്റഗ്രാം പേജിലെ ലൈവ് ചാറ്റിനിടെയാണ് ബെയ്ചുങ് ബൂട്ടിയയുടെ പ്രവചനം.

22ആം വയസില്‍ കഴിഞ്ഞ വര്‍ഷം കിംഗ്‌സ് കപ്പിലാണ് സഹല്‍ അബ്ദുള്‍ സമദ് ഇന്ത്യക്കുവേണ്ടി അരങ്ങേറിയത്. ആകെ ഒമ്പത് മത്സരങ്ങള്‍ മാത്രമേ ഇന്ത്യന്‍ സീനിയര്‍ ടീമിന് വേണ്ടി കളിച്ചിട്ടുള്ളൂവെങ്കിലും സഹലിന്റെ ഡ്രിബ്ലിംഗ് മികവും കളിയും പരിശീലകന്‍ ഐഗര്‍ സ്റ്റിമാക്കും ക്യാപ്റ്റന്‍ ഛേത്രിയും പലകുറി അംഗീകരിച്ചിട്ടുള്ളതാണ്.

Advertising
Advertising

'ഗോളടിയുടെ കാര്യത്തില്‍ ഇന്ത്യന്‍ ടീമിന് യോജിച്ച താരമാകാന്‍ സഹലിനാകും. അറ്റാകിംഗ് മിഡ്ഫീല്‍ഡറായി സഹലിന് തിളങ്ങാനാകും. കുറച്ച് മത്സരപരിചയവും ആത്മവിശ്വാസവും മാത്രമേ സഹലിന് ആവശ്യമുള്ളൂ. ഒരിക്കല്‍ ഗോളടിച്ചു തുടങ്ങിയാല്‍ സഹലിന് സുനില്‍ ഛേത്രിയുടെ സ്ഥാനത്തെത്താനാകും. ഇന്ത്യയുടെ ഭാവിയാണ് ഈ ചെറുപ്പക്കാരന്‍' എന്നാണ് 23കാരനായ സഹലിനെക്കുറിച്ച് ബൂട്ടിയ പറഞ്ഞത്.

2016-17 സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി നടത്തിയ പ്രകടനമാണ് സഹലിനെ ശ്രദ്ധേയനാക്കിയത്. വൈകാതെ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ സഹല്‍ 2018-19 സീസണില്‍ ഐ.എസ്.എല്‍ എമര്‍ജിംഗ് പ്ലയറായും എ.ഐ.എഫ്.എഫ് എമര്‍ജിംഗ് പ്ലയറായും തെരഞ്ഞെടുക്കപ്പെട്ടു.

ഛേത്രിക്ക് പകരം ഇന്ത്യന്‍ നായകനാവാന്‍ സാധ്യത രണ്ട് താരങ്ങള്‍ക്കാണെന്നാണ് ബൂട്ടിയ അഭിപ്രായപ്പെട്ടത്. ഒന്ന് കേരള ബ്ലാസ്റ്റേഴ്‌സിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ പ്രതിരോധക്കാരന്‍ സന്ദേശ് ജിങ്കനാണ്. രണ്ടാമത്തെ താരം ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവും.

Tags:    

Similar News