അമേരിക്കയിലെ പ്രക്ഷോഭക്കാര്‍ക്ക് പിന്തുണയുമായി ബുണ്ടസ് ലിഗ താരങ്ങള്‍
ജാഡന്‍ സാഞ്ചോ, മാര്‍കസ് തുറാം, ഹക്കിമി എന്നിവരാണ് ഫ്‌ളോയിഡിന് നീതി ലഭിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്...
ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബുണ്ടസ് ലിഗ താരങ്ങള്‍. ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗിലെ ജാഡന്‍ സാഞ്ചോ, മാര്‍കസ് തുറാം, ഹക്കിമി എന്നിവരാണ് ഫ്‌ളോയിഡിന് നീതി ലഭിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്.
കളിക്കളത്തിലെ പോരാട്ടത്തിനൊപ്പം വര്‍ണ്ണ വിവേചനത്തിനും ക്രൂരതകള്‍ക്കുമെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും വേദിയാവുകയായിരുന്നു ബുണ്ടസ് ലിഗയിലെ മത്സരങ്ങള്‍. അമേരിക്കയിലെ മിനിയപോളിസില്‍ കറുത്തവര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഈ പ്രതിഷേധങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യമാണ് ഫുട്‌ബോള്‍ താരങ്ങള്‍ പരസ്യമാക്കിയത്.
ബൊറൂസിയ ഡോട്ട്മുണ്ടിന്റെ താരമായ സാഞ്ചൊ പാഡെര്‍ബോണിനെതിരെ രണ്ടാം ഗോള്‍ നേടിയതിന് പിന്നാലെയാണ് ജേഴ്‌സി ഊരിക്കൊണ്ട് ആഹ്ലാദ പ്രകടനം നടത്തിയത്. ജേഴ്‌സിക്കുള്ളിലെ ബനിയനില്‍ 'ജസ്റ്റിസ് ഫോര്‍ ഫ്‌ളോയിഡ്' എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ജഴ്‌സി ഊരിയതിന് റഫറി സാഞ്ചോക്ക് മഞ്ഞക്കാര്‍ഡ് വിധിക്കുകയും ചെയ്തു. ഡോര്‍ട്ട്മുണ്ട് 6-1ന് ജയിച്ച മത്സരത്തില്‍ കരിയറിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയാണ് മത്സരം അവസാനിപ്പിച്ചത്. തന്റെ പ്രതിഷേധ ചിത്രം സാഞ്ചൊ പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
മൊന്‍ചെഗ്ലഡ്ബാകിനായി രണ്ടാം ഗോള്‍ നേടിയപ്പോഴായിരുന്നു ഫ്രഞ്ച് മുന്നേറ്റക്കാരന്‍ മാര്‍ക്കസ് തുറാം ഫ്‌ളോയിഡിന് ആദരമര്‍പ്പിക്കുകയും പ്രതിഷേധക്കാര്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. ഗോളടിച്ച ശേഷം സഹതാരങ്ങളോട് അല്‍പം മാറി നില്‍കാന്‍ പറഞ്ഞ തുറാം ഒരു മുട്ടുകുത്തിയിരിക്കുകയായിരുന്നു. 2016ല്‍ എന്‍.എഫ്.എല്‍ താരമായ കോളിന്‍ കേപ്പര്‍നികാണ് ഈ പ്രതീകാത്മക പ്രതിഷേധം ആദ്യമായി ചെയ്തത്. മത്സരത്തില്‍ തുറാമിന്റെ ടീം 4-1ന് ജയിച്ചു. 98ല്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമില്‍ അംഗമായിരുന്ന ലിലിയന്‍ തുറാമിന്റെ മകനാണ് മാര്‍ക്കസ് തുറാം.
ഡോര്‍ട്ട്മുണ്ടില്‍ സാഞ്ചോയുടെ സഹതാരമായ അക്രാഫ് ഹക്കിമിയും പ്രതിഷേധം പ്രകടിപ്പിച്ചു. 84ആം മിനുറ്റില്‍ ഗോള്‍ നേടിയ ശേഷമായിരുന്നു ഇംഗ്ലീഷ് താരമായ ഹക്കിമി ജഴ്‌സി ഉയര്‍ത്തി 'ജസ്റ്റിസ് ഫോര്‍ ഫ്‌ളോയിഡ്' മുദ്രാവാക്യം കാണിച്ചത്.