റയലിന് ജയം; ഗോള്‍വേട്ടയില്‍ പുഷ്‌കാസിനെ മറികടന്ന് ബെന്‍സെമ

ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കാന്‍ റയലിനായി...

Update: 2020-06-19 08:27 GMT

ലാലിഗയില്‍ വലന്‍സിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് തോല്‍പിച്ചു. കരിം ബെന്‍സെമ ഇരട്ടഗോളുകള്‍ നേടിയ മത്സരത്തില്‍ മാര്‍കോ അസന്‍സിയാണ് മൂന്നാം ഗോള്‍ നേടിയത്. ഇതോടെ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയുമായുള്ള പോയിന്റ് വ്യത്യാസം വീണ്ടും രണ്ടാക്കി കുറക്കാന്‍ റയലിനായി.

രണ്ടാം പകുതിയില്‍ കളിമറക്കുന്നുവെന്ന ദുഷ്‌പേര് മാറ്റുന്ന പ്രകടനമായിരുന്നു റയലിന്റേത്. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ആദ്യ പകുതിയില്‍ വലന്‍സിയക്കായിരുന്നു മുന്‍തൂക്കം. വലന്‍സിയയുടെ റോഡ്രിഗോ മോറിനോ പന്ത് വലയിലാക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഗോളല്ലെന്ന വിധി വന്നു.

Advertising
Advertising

61, 86 മിനിറ്റുകളിലായിരുന്നു ബെന്‍സെമയുടെ ഗോളുകള്‍. ആദ്യ ഗോളിന് വഴിയൊരുക്കിയത് മികച്ച ഫോം തുടരുന്ന ഏദന്‍ ഹസാഡായിരുന്നു. പരിക്കു മൂലം ഒരു വര്‍ഷത്തോളം വിട്ടു നിന്ന ശേഷമുള്ള മത്സരത്തില്‍ അതിവേഗ ഗോളിലൂടെ അസന്‍സിയോയും ഞെട്ടിച്ചു. 74ാം മിനുറ്റില്‍ പകരക്കാരനായിറങ്ങി 31 സെക്കന്റിനകം അസന്‍സിയോ ഗോള്‍ നേടി. റയലിന്റെ മൂന്നാം ഗോളിലും സ്പാനിഷ് താരത്തിന് പങ്കുണ്ടായിരുന്നു.

റയല്‍ ജഴ്‌സിയില്‍ 243ാം ഗോളാണ് ബെന്‍സെമ കുറിച്ചത്. ഇതോടെ റയലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താനും ബെന്‍സെമക്കായി. ഇതിഹാസ താരം ഫെറങ്ക് പുഷ്‌കാസിനെയാണ് ബെന്‍സെമ പിന്തള്ളിയത്.

29 മത്സരങ്ങളില്‍ നിന്നും 62 പോയന്റുമായി റയല്‍ മാഡ്രിഡ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. അത്ര തന്നെ മത്സരങ്ങളില്‍ നിന്നും 64 പോയന്റുമായി നിലവിലെ ജേതാക്കളായ ബാഴ്‌സലോണയാണ് ഒന്നാമത്. 43 പോയന്റുള്ള വലന്‍സിയ എട്ടാം സ്ഥാനത്താണ്.

Tags:    

Similar News