1400 കോടി മാനെക്കു വിലയിട്ട് ക്ലബുകള്‍, പകരം പി.എസ്.ജി സൂപ്പര്‍താരം വരുമോ?
മാനെ ലിവര്‍പൂളില്‍ തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമറിയണമെന്ന് ക്ലബ് അധികൃതരോട് പരിശീലകന്‍ ക്ലോപ് ആവശ്യപ്പെട്ടു കഴിഞ്ഞു...
പ്രീമിയര്‍ ലീഗ് കിരീടത്തിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ലിവര്‍പൂളിന് പ്രധാന താരങ്ങളിലൊരാളായ സാദിയോ മാനെയെ നഷ്ടപ്പെട്ടേക്കുമെന്ന് സൂചന. റയല്‍ മാഡ്രിഡ്, പി.എസ്.ജി തുടങ്ങിയ വമ്പന്‍ ക്ലബുകളാണ് മാനെയെ സ്വന്തം പാളയത്തിലെത്തിക്കാന്‍ തീവ്രശ്രമങ്ങള്‍ തുടരുന്നത്. 150 ദശലക്ഷം പൗണ്ടിന്റെ(ഏതാണ്ട് 1400 കോടി രൂപ) കരാറാണ് മാനെക്കുവേണ്ടി ഈ ക്ലബുകള്‍ മുന്നോട്ടുവെക്കുന്നതെന്നാണ് സൂചന.
2023 വരെയാണ് നിലവില്‍ മാനെക്ക് ലിവര്‍പൂളുമായി കരാറുള്ളത്. ഒമ്പത് മാസമായി ഈ കരാര്‍ നീട്ടാന്‍ ലിവര്‍പൂള്‍ അധികൃതര്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ടെങ്കിലും മാനെ തീരുമാനമെടുത്തിട്ടില്ലെന്ന് ദ സണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മാനെ ലിവര്‍പൂളില്‍ തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമറിയണമെന്ന് ക്ലബ് അധികൃതരോട് പരിശീലകന്‍ ക്ലോപ് ആവശ്യപ്പെട്ടു കഴിഞ്ഞു.
ആഴ്ച്ചയില്‍ 2,20,000 പൗണ്ടാണ്(2.07 കോടി രൂപ) ലിവര്‍പൂളിന്റെ വാഗ്ദാനമെന്നാണ് സൂചനകള്‍. ലിവര്‍പൂളിലെ വിര്‍ജില്‍ വാന്‍ ഡികിന് സമാനമായ ഓഫറാണിത്. 28കാരനായ മാനെയുടെ പ്രൊഫഷണല്‍ ജീവിതത്തിലെ വന്‍ ഓഫറുകള്‍ക്ക് ഇനി സാധ്യത കുറവാണ്.
ഫിര്‍മിനോയും സലായും മാനെയും ഒത്തിണക്കത്തില്‍ കളിക്കുന്നതിന്റെ ഫലംകൂടിയാണ് ഈ സീസണില്‍ ലിവര്‍പൂളിന് ലഭിച്ചത്. അതുകൊണ്ടുതന്നെ എളുപ്പത്തില്‍ മാനെയെ കൈവിടാന്‍ ക്ലോപിന് താത്പര്യമില്ല. അതേസമയം പി.എസ്.ജിയുമായി കിലിയന്‍ എംബപെയെ പകരം ലഭിച്ചാല്‍ ലിവര്‍പൂളിന് വലിയ എതിര്‍പുണ്ടാവില്ലെന്നും സൂചനകളുണ്ട്.
പ്രീമിയര്‍ ലീഗിലെ നിലവിലെ സീസണില്‍ 38 കളികളില്‍ നിന്നും 18 ഗോളുകളും 12 അസിസ്റ്റുമാണ് മാനെയുടെ പേരിലുള്ളത്.