'മഞ്ഞപ്പട'യുടെ ജേഴ്സി ഒരുക്കാൻ ആരാധകർക്ക് അവസരം

ആരാധകർക്കായി കിറ്റ് ഡിസൈനിങ് മത്സരവുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി

Update: 2020-07-17 14:17 GMT

ഐ‌എസ്‌എൽ ഏഴാം സീസണിലേക്കായുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ജേഴ്സികൾ ഡിസൈൻ ചെയ്യാൻ ആരാധകർക്ക് അവസരമൊരുക്കുകയാണ് കെബിഎഫ്‌സി. ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങൾ മത്സരത്തിൽ ധരിക്കുന്നത്തിനുള്ള ക്ലബ്ബിന്റെ ഔദ്യോഗിക മൂന്നാം കിറ്റ് ജേഴ്സി ഡിസൈൻ ചെയ്യാനുള്ള അവസരമാണ് ലഭിക്കുക. കോവിഡ് 19 മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷക്കായി ജീവൻ പണയപ്പെടുത്തി അക്ഷീണം പ്രവർത്തിക്കുന്നവർക്ക് നന്ദി പ്രകടിപ്പിക്കുന്നതിനായുള്ള ക്ലബിന്റെ കാമ്പെയ്‌നായ #സല്യൂട്ട് അവര്‍ ഹീറോസ് #SaluteOurHeroes എന്നതായിരിക്കും ജേഴ്സി രൂപകൽപ്പനയുടെ തീം. 2020 ജൂലൈ 17 മുതൽ 26രെ മത്സരത്തിനായി ഡിസൈനുകൾ സമർപ്പിക്കാം. തിരഞ്ഞെടുത്ത ഡിസൈൻ ഐ‌എസ്‌എൽ സീസൺ ഏഴിനായുള്ള ക്ലബിന്റെ മൂന്നാമത്തെ ഔദ്യോഗിക കിറ്റ് ആയി തിരഞ്ഞെടുക്കപ്പെടും. വിജയിക്ക് ടീമിനൊപ്പം ഔദ്യോഗിക ജേഴ്സി അവതരിപ്പിക്കൽ ചടങ്ങിൽ പങ്കാളിയാകാനുള്ള അവസരവും ലഭിക്കും.

തീമിനെ അടിസ്ഥാനമാക്കി ജേഴ്സി രൂപകല്പന ചെയ്യുകയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ #സല്യൂട്ട്അവര്‍ഹീറോസ് #SaluteOurHeroes എന്ന ക്ലബ്ബിന്റെ ഹാഷ്‌ടാഗ് ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യുകയുമാണ് ചെയ്യേണ്ടത്. കൂടാതെ ഡിസൈനുകൾ ജെപിഇജി, പിഎൻജി, അല്ലെങ്കിൽ പിഡിഎഫ് ഫോർമാറ്റിൽ info@kbfcofficial.com ലേക്ക് ഇമെയിലും ചെയ്യാം. ഡിസൈൻ മാർഗ്ഗനിർദേശങ്ങൾ ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

Tags:    

Similar News