''മെസിയേക്കാള്‍ നല്ലത് തിയാഗോ വരുന്നത്''-വെയ്ന്‍ റൂണി
'പ്രീമിയര്‍ ലീഗ് പോരാട്ടം സിറ്റിയും ലിവര്‍പൂളും തമ്മിലാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്'
ലോക ഇതിഹാസ താരം ലിയോണല്‍ മെസി ബാഴ്‌സലോണയില്‍ നിന്നും പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചത് മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റി മെസിക്ക് പിന്നാലെയുണ്ട്. മെസി എവിടെ അടുത്ത സീസണില്‍ പന്ത് തട്ടുമെന്ന് അറിയാനാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്.
എന്നാല്‍ മെസിയെ കൊണ്ടുവരാനുള്ള സിറ്റിയുടെ നീക്കത്തേക്കാള്‍ മികച്ചത് തിയാഗോയെ കൊണ്ടുവരാനുള്ള ലിവര്‍പൂളിന്‍റെ നീക്കമാണെന്ന് യുണൈറ്റഡ് മുന്‍ താരം വെയ്ന്‍ റൂണി പറഞ്ഞു.
''പ്രീമിയര്‍ ലീഗ് പോരാട്ടം സിറ്റിയും ലിവര്‍പൂളും തമ്മിലാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ബയേണില്‍ നിന്നും തിയാഗോയെ ലിവര്‍പൂള്‍ സ്വന്തമാക്കിയാല്‍ അവര്‍ ടൈറ്റില്‍ സ്വന്തമാക്കും. ആ സൈനിങ് സിറ്റിയിലേക്കുള്ള മെസിയുടെ സൈനിങിനേക്കാള്‍ മികച്ചതായിരിക്കും'' റൂണി പറഞ്ഞു.
മെസിയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായി ഒരു തീരുമാനവും ആയിട്ടില്ല. മെസിയുമായി കൂടക്കാഴ്ച്ച നടത്താനുള്ള ബെര്‍ത്തോമേയുടെ ആവശ്യം മെസി നിരസിച്ചു. എന്നാല്‍ തിങ്കളാഴ്ച മുതല്‍ പുതിയ മാനേജര്‍ കൂമാന്‍റെ കീഴില്‍ മെസി പരിശീലനത്തിനിറങ്ങുമെന്ന് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.