ബാഴ്‌സയെ സമനിലയിൽ കുരുക്കി സെവിയ്യ; റയലിന് ജയം

എട്ടാം മിനുട്ടിൽ ബാഴ്‌സ ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിൽ ലൂക്ക് ഡിയോങ് ആണ് സന്ദർശകരെ മുന്നിലെത്തിച്ചത്. രണ്ട് മിനുട്ടിനുള്ളിൽ ബാഴ്‌സ ഗോൾ മടക്കുകയും ചെയ്തു.

Update: 2020-10-04 21:06 GMT

ബാഴ്‌സലോണ: സ്പാനിഷ് ലാലിഗയിൽ കരുത്തരായ ബാഴ്‌സലോണയും സെവിയ്യയും തമ്മിലുള്ള മത്സരം സമനിലയിൽ. ബാഴ്‌സയുടെ തട്ടകമായ ക്യാംപ്‌നൗവിൽ നടന്ന മത്സരത്തിൽ ഓരോ ഗോളുകളടിച്ചാണ് ഇരുടീമുകളും സമനില പാലിച്ചത്. സീസണിൽ ഇരുടീമുകളും ഇതാദ്യമായാണ് പോയിന്റുകൾ നഷ്ടപ്പെടുത്തുന്നത്.

എട്ടാം മിനുട്ടിൽ ബാഴ്‌സ ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിൽ ലൂക്ക് ഡിയോങ് ആണ് സന്ദർശകരെ മുന്നിലെത്തിച്ചത്. രണ്ട് മിനുട്ടിനുള്ളിൽ ബാഴ്‌സ ഗോൾ മടക്കുകയും ചെയ്തു. മെസ്സി ബോക്‌സിലേക്ക് ഉയർത്തിനൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ സെവിയ്യ ഡിഫന്റർക്ക് പിഴച്ചപ്പോൾ പന്ത് കാൽക്കലാക്കിയ ഫിലിപ്പ് കുട്ടിന്യോ അനായാസം ഫിനിഷ് ചെയ്തു. ബയേണിൽ നിന്ന് തിരിച്ചെത്തിയ ശേഷമുള്ള കുട്ടിന്യോയുടെ ആദ്യ ലാലിഗ ഗോളായിരുന്നു ഇത്.

Advertising
Advertising

ആദ്യപകുതിയിൽ ഇരുടീമുകളും മൈതാനമധ്യത്ത് കളി കേന്ദ്രീകരിച്ച് സുരക്ഷിതമായ നീക്കങ്ങൾക്കാണ് മുതിർന്നത്. രണ്ടാം പകുതിയിലുടനീളം സെവിയ്യ മികച്ച കളി കെട്ടഴിച്ചെങ്കിലും പിക്വെയും അറുഹോയും അടങ്ങുന്ന ബാഴ്‌സ ഡിഫൻസ് മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന മിനുട്ടുകളിൽ ഗോളിനായുള്ള ബാഴ്‌സയുടെ ശ്രമങ്ങളെ തടയിടാൻ സന്ദർശകർക്കാവുകയും ചെയ്തു.

നേരത്തെ, ലീഗിലെ മറ്റ് മത്സരങ്ങളിൽ റയൽ മാഡ്രിഡും ഡിപോർട്ടിവോ അലാവസും ഒസാസുനയും ജയിച്ചിരുന്നു. വിനിഷ്യസ് ജൂനിയർ, കരീം ബെൻസേമ എന്നിവരുടെ ഗോളിൽ റയൽ ലെവാന്റെയെ 2-2 ന് കീഴടക്കിയപ്പോൾ അത്‌ലറ്റിക് ക്ലബ്ബിനെതിരെ ഏക ഗോളിനായിരുന്നു അലാവസിന്റെ ജയം. സെൽറ്റ വിഗയെ ഒസാസുന രണ്ടു ഗോളിന് തോൽപ്പിച്ചു.

നാല് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുമായി റയൽ മാഡ്രിഡാണ് ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുമായി ബെറ്റിസ് രണ്ടാം സ്ഥാനത്തുണ്ട്. ബാഴ്‌സലോണ അഞ്ചും സെവിയ്യ ആറും സ്ഥാനങ്ങളിലാണ്.

Tags:    

Similar News