എഫ്സിസി വനിതാവേദിയുടെ കള്‍ച്ചറല്‍ ഫെസ്‌റ്റ് ശ്രദ്ധേയമായി
തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഫ്രന്‍സ് കള്‍ച്ചറല്‍ സെന്‍റര്‍ വനിതാ വിഭാഗം ദോഹയില്‍ വനിതകള്‍ക്കായുള്ള സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു വരുന്നത്
ലോക വനിതാദിനാഘോഷങ്ങളുടെ എഫ്സിസി വനിതാവേദി സംഘടിപ്പിച്ച കള്‍ച്ചറല്‍ ഫെസ്‌റ്റ് ശ്രദ്ധേയമായി. ദോഹയിലെ മലയാളി കുടുംബിനികളുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു പരിപാടിയില്‍. മൂന്ന് ദിവസം നീണ്ടു നിന്ന വിവിധ മത്സരങ്ങളോടെയാണ് പരിപാടി സമാപിച്ചത്.
തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഫ്രന്‍സ് കള്‍ച്ചറല്‍ സെന്‍റര്‍ വനിതാ വിഭാഗം ദോഹയില്‍ വനിതകള്‍ക്കായുള്ള സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു വരുന്നത്. സ്റ്റേജിനങ്ങളായ മാപ്പിളപ്പാട്ട്, നാടന്‍ പാട്ട്, ലളിതഗാനം, കവിതാ പാരായണം,മൈം,മോണോ ആക്ട് എന്നിവക്കു പുറമെ രചനാമത്സരങ്ങളായ, ഉപന്യാസം, കവിതാരചന, കഥാരചന, ക്യാപ്ഷന്‍ റൈറ്റിംഗ് ചിത്രരചന. കാര്‍ട്ടൂണ്‍, കൊളാഷ് തുടങ്ങിയ ഇനങ്ങളിലും മത്സരങ്ങള്‍ നടന്നു.
വനിതകളുടെ സര്‍ഗ്ഗശേഷി പുറത്തെടുക്കാനുതകുന്ന രീതിയില്‍ സംവിധാനിച്ച ഫ്‌ളവര്‍ മേയ്ക്കിംഗ്, ക്ലേ മോഡലിംഗ്, ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ് തുടങ്ങിയ മത്സരങ്ങളിലും കുടുംബിനികളുടെ സജീവ പങ്കാളിത്തമാണുണ്ടായത്. ദോഹയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നുമായി മുന്നൂറോളം വനിതകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.