അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഖത്തറില്‍ തുടക്കമായി
ഡിസംബര്‍ 10 വരെ നീണ്ടു നില്‍ക്കുന്ന പുസ്തകമേളയില്‍ 33 രാജ്യങ്ങളില്‍ നിന്നായി 490 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്
27 ാമത് ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഖത്തറില്‍ തുടക്കമായി ഡിസംബര്‍ 10 വരെ നീണ്ടു നില്‍ക്കുന്ന പുസ്തകമേളയില്‍ 33 രാജ്യങ്ങളില്‍ നിന്നായി 490 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. മലയാളത്തില്‍ നിന്നുള്ള സാന്നിദ്ധ്യമായ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ പുസ്‌കങ്ങള്‍ക്ക് മേളയില്‍ 50 ശതമാനം വിലക്കിഴിവ് ലഭ്യമാകും .
‘ഇഖ്റഅ്' അഥവാ വായിക്കുക എന്ന തലക്കെട്ടില്‍ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച 27 ാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചത് ഖത്തര്‍ സാംസ്‌കാരിക കായിക മന്ത്രി സ്വലാഹ് ബിന്‍ ഗാനിം അലിയാണ്. ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രി ഡോ. ഗൈസ് ബിന്‍ മുബാറക്ക് അല്‍കുവാരി, ഭരണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ജഫാലി അല്‍ നഈമി, വികസനാസൂത്രണ സ്ഥിതിവിവരക്കണക്ക് മന്ത്രി ഡോ. സാലിഹ് ബിന്‍ മുഹമ്മദ് അല്‍നാബിത്ത്, ഗതാഗത ആശയ വിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തി, വിവിധ നയതന്ത്ര പ്രമുഖര്‍, തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
മേളയിലെ മലയാള സാന്നിദ്ധ്യമായ ഇസ്ലാമിക് പബ്ളിഷിംഗ് ഹൗസ് ഇത്തവണയും അമ്പത് ശതമാനം വിലക്കുറവിലാണ് പുസ്തകങ്ങള്‍ നല്‍കുന്നത്. ഇതിനു പുറമെ മേളയില്‍ ഓര്‍ഡര്‍ ചെയ്യുന്ന പുസ്തകങ്ങള്‍ പകുതി വിലക്ക് നാട്ടില്‍ വീടുകളിലെത്തിക്കുന്ന പദ്ധതിക്കും ഐ പി എച്ച് ഈ വര്‍ഷം തുടക്കം കുറിച്ചിട്ടുണ്ട്. കുട്ടികളുടെ പുസ്തകങ്ങളുമായി 90 പ്രസാധകരാണ് പുസതകോത്സവത്തില്‍ പങ്കെടുക്കുന്നത്.