ഖത്തറില്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി കൃഷിയിറക്കുന്ന മലയാളി കുടുംബം
ദോഹയില്‍ ബിസിനസ് നടത്തുന്ന ഗുരുവായൂര്‍ മുല്ലാശേരി സ്വദേശി പ്രദീപ് ചന്ദ്രനും കുടുംബവും കൂട്ടുകാര്‍ക്കായി വിളകള്‍ സമ്മാനിക്കാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞു.
വീട്ടുമുറ്റത്ത് കൃഷിയിറക്കി സുഹൃത്തുക്കള്‍ക്ക് പച്ചക്കറികള്‍ സമ്മാനിക്കുന്ന ഒരു മലയാളി കുടുംബം ഖത്തറിലുണ്ട്. ദോഹയില്‍ ബിസിനസ് നടത്തുന്ന ഗുരുവായൂര്‍ മുല്ലാശേരി സ്വദേശി പ്രദീപ് ചന്ദ്രനും കുടുംബവും കൂട്ടുകാര്‍ക്കായി വിളകള്‍ സമ്മാനിക്കാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞു.
ഖത്തറിലെ അബൂഹമൂറിലെ പ്രദീപ് ചന്ദ്രന്റെ വില്ലയിലെ കാഴ്ചകളാണിത്. തികച്ചും ജൈവരീതിയില്‍ പരിപാലിച്ചു വരുന്ന പലതരം വിളകള്‍. കാല്‍ നൂറ്റാണ്ട് കാലമായി തുടങ്ങിയ ജൈവകൃഷിയിലൂടെ മണ്ണിന്റെ സ്വാഭാവികത വീണ്ടെടുത്തതിനാല്‍ മികച്ച കായ്ഫലങ്ങള്‍ നല്‍കുന്ന പച്ചക്കറികളാണ് പ്രദീപിന്റെ കൃഷിയിടത്തിലെ പ്രധാന കാഴ്ച. ഒപ്പം കണ്ണിനു കുളിര്‍മ്മ നല്‍കുന്ന പലതരം പൂച്ചെടികളും, തോട്ടത്തിനു ചന്തം പകരാന്‍ മയിലുകളും തത്തകളും. മുറ്റത്തും ടെറസിലുമായി വിളഞ്ഞ് നില്‍ക്കുന്ന ഈ വിളകളെല്ലാം ഇവരുടെ സുഹൃത്തുക്കള്‍ക്കുള്ളതാണ്.
പാവലും പടവലവും മത്തനും ചുരക്കയും മുതല്‍ വാഴയും ചേമ്പും വരെ പ്രദീപിന്റെ കൃഷിയിടത്തില്‍ കാലങ്ങളായി സ്ഥാനം പിടിച്ചുവരുന്നു. വീട്ടുമുറ്റത്തെ പൂച്ചെടികളെ ഭംഗിയായി പരിചരിക്കുന്നത് ബിന്ദുവാണ്. മുറ്റത്തെ പച്ചപ്പും പൂക്കളും നല്‍കുന്ന ആത്മസംതൃപ്തിയെക്കാള്‍ വലിയ ലാഭം കൃഷിയില്‍ നിന്ന് ലഭിക്കാനില്ലെന്നാണ് ഈ കുടുംബം സാക്ഷ്യപ്പെടുത്തുന്നത്.