ഉര്‍ദുഗാന് ഖത്തറില്‍ ഊഷ്മള സ്വീകരണം
ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുറച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഖത്തറില്‍ സന്ദര്‍ശനം നടത്തി.
ഖത്തറും തുര്‍ക്കിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുറച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഖത്തറില്‍ സന്ദര്‍ശനം നടത്തി. സൗദി സന്ദര്‍ശനം കഴിഞ്ഞെത്തിയ ഉര്‍ദുഗാന് ഊഷ്മള സ്വീകരണമാണ് ദോഹയില്‍ ലഭിച്ചത്.
ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ദോഹയിലെത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് അമീരി ദിവാനിലാണ് സ്വീകരണമൊരുക്കിയത് . ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുള്ള ഊഷ്മള സൗഹൃദം നയതന്ത്ര തലങ്ങളിലേക്ക് ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. പലസ്തീന്‍, സിറിയ, യമന്‍ വിഷയങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
തുര്‍ക്കിയുടെ ഏറ്റവും നല്ല സുഹൃത്തായ ഖത്തര്‍ അവശ്യ ഘട്ടങ്ങളില്‍ നല്‍കിയ പിന്തുണക്ക് പ്രസിഡന്റ് ഉര്‍ദുഗാന്‍ നന്ദി പറഞ്ഞു. പരാജയപ്പെട്ട അട്ടിമറി നീക്കത്തിന്റെ നാളുകളിലാണ് ഖത്തറിന്റെ പിന്തുണ തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. 2014ല്‍ ഖത്തര്‍ അമീര്‍ നടത്തിയ തുര്‍ക്കി സന്ദര്‍ശനത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിരവധി കരാറുകള്‍ രൂപപ്പെട്ടിരുന്നു. 30ഓളം കരാറുകളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെട്ടിരുന്നത്.
ഒരേ സ്വഭാവത്തിലുള്ള രാഷ്ട്രീയ തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്ന രാജ്യമെന്ന നിലയില്‍ ഖത്തറിലെ സന്ദര്‍ശനം സൗഹൃദ സന്ദര്‍ശനമായാണ് വിലയിരുത്തപ്പെടുന്നത്. ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഉര്‍ദുഗാന്‍ ഖത്തറിലെത്തിയത്. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ഥാനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.