റഷ്യന്‍ ലോകകപ്പില്‍ ഖത്തറില്ല

Update: 2017-10-17 00:53 GMT
റഷ്യന്‍ ലോകകപ്പില്‍ ഖത്തറില്ല

കഴിഞ്ഞ ദിവസം താഷ്‌കന്റില്‍ നടന്ന ഗ്രൂപ്പിലെ ഏഴാം മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനോട് തോറ്റതോടെയാണ് ഖത്തര്‍ ടീം യോഗ്യതാ റൗണ്ടില്‍ നിന്ന് പുറത്തായത്...

റഷ്യയില്‍ നടക്കാനിരിക്കുന്ന 2018ലെ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് കളിക്കാനാവില്ല. കഴിഞ്ഞ ദിവസം താഷ്‌കന്റില്‍ നടന്ന ഗ്രൂപ്പിലെ ഏഴാം മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനോട് തോറ്റതോടെയാണ് ഖത്തര്‍ ടീം യോഗ്യതാ റൗണ്ടില്‍ നിന്ന് പുറത്തായത്.

കഴിഞ്ഞയാഴ്ച ഖത്തറില്‍ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇറാനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ഖത്തര്‍ ടീമിന്റെ ലോകകപ്പ് പ്രവേശനത്തിനുള്ള അവസാന സാധ്യതയാണ് ഇന്നലെ നടന്ന മത്സരത്തോടെ പൊലിഞ്ഞത്. താഷ്‌കന്റില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഖത്തറിനെ ഉസ്‌ബെക് ടീമും കീഴടക്കിയത്. ആദ്യ പകുതിയില്‍ മികച്ച കളി പുറത്തെടുത്തെങ്കിലും കളിയുടെ രണ്ടാംപകുതിയില്‍ ഉസ്‌ബെക് ടീമിന്റെ പ്രതിരോധത്തിന് മുന്നില്‍ ജോര്‍ജ് ഫൊസാറ്റിയുടെ കുട്ടികള്‍ കീഴടങ്ങുകയായിരുന്നു.

Advertising
Advertising

65ാം മിനുട്ടിലാണ് ആദില്‍ അഹ്മദോവ് ഖത്തറിനെതിരെ ഉസ്‌ബെക്കിന്റെ വിജയഗോള്‍ നേടിയത്. ഗ്രൂപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി നാല് പോയന്റ് മാത്രമുള്ള ഖത്തര്‍ അവസാന സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയങ്ങളുമായി 17 പോയന്റ് നേടിയ ഇറാനാണ് ഗ്രൂപ്പില്‍ മുന്നില്‍ നില്‍ക്കുന്നത്. കൊറിയയും ഉസ്‌ബെക്കിസ്ഥാനും 13ഉം 12ഉം പോയന്റുകള്‍ നേടി രണ്ടും മൂന്നും സ്ഥാനത്തുണ്ട്. 2022ലെ ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിന് റഷ്യയില്‍ കളിക്കാനാവില്ലെന്ന് വന്നതോടെ ദോഹയിലെ ഫുട്‌ബോള്‍ പ്രേമികള്‍ നിരാശയിലാണ്.

Similar News