അത്യാധുനിക സൌകര്യങ്ങളുമായി ദുബൈയില്‍ ജുമൈറ സെന്‍ട്രല്‍ വരുന്നു
തുറസായ സ്ഥലത്തും താപനില ക്രമീകരിക്കും എന്നതാണ് ഈ നഗരത്തിന്റെ വലിയ പ്രത്യേകത
ദുബൈയില്‍ "ജുമൈറ സെന്‍ട്രല്‍" എന്ന പേരില്‍ ഭാവി നഗരം വരുന്നു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമാണ് അത്യാധുനിക സൗകര്യങ്ങളുള്ള നഗരം പ്രഖ്യാപിച്ചത്. തുറസായ സ്ഥലത്തും താപനില ക്രമീകരിക്കും എന്നതാണ് ഈ നഗരത്തിന്റെ വലിയ പ്രത്യേകത.
കേബിള്‍ കാറുള്‍പ്പടെ അത്യാധുനിക ഗതാഗത സൗകര്യങ്ങള്‍, 35,000 പേര്‍ക്ക് താമസ സൗകര്യം, മൂന്ന് ഷോപ്പിങ് മാളുകള്‍, താപനില നിയന്ത്രിക്കാന്‍ സംവിധാനമുള്ള 10 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് ജുമൈറ സെന്റട്രല്‍ എന്ന ഭാവി നഗരം ഒരുങ്ങുന്നത്. എല്ലാ കാലാവസ്ഥയിലും മികച്ച ജീവിത സാഹചര്യം ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പദ്ധതിയുടെ പകുതി ഭാഗവും തുറസായ സ്ഥലമായിരിക്കും. സൈക്കിള്‍ പാത വഴി ബന്ധിപ്പിക്കുന്ന 33 പാര്‍ക്കുകള്‍ സംവിധാനിക്കും. ശൈഖ് സായിദ് റോഡില്‍ നിന്ന് ഇവിടെക്ക് 25 സ്ഥലങ്ങളിലൂടെ കടന്നുവരാം. ഭാവി നഗരം എങ്ങനെയായിരിക്കണമെന്ന് ദുബൈ ലോകത്തിന് കാണിച്ചുകൊടുക്കുമെന്ന് ഭരണാധികാരി ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബൈ ഹോള്‍ഡിങാണ് ജുമൈറ സെന്‍ട്രല്‍ യാഥാര്‍ഥ്യമാക്കുക. 44,000 കാറുകള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാം. 7200 ഹോട്ടല്‍ മുറികളുമുണ്ടാവും. പരിസ്ഥിതി സൗഹൃദമായ നിരവധി ഗതാഗത സംവിധാനങ്ങളായിരിക്കും പദ്ധതിയുടെ പ്രധാന ആകര്‍ഷണം. 19 സര്‍ക്കാര്‍- സ്വകാര്യ ഏജന്‍സികള്‍ രണ്ടുവര്‍ഷമെടുത്താണ് പദ്ധതി രൂപകല്‍പന ചെയ്തത്.
പദ്ധതി പ്രഖ്യാപന ചടങ്ങില്‍ ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈ ഹോള്‍ഡിങ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി, വൈസ് ചെയര്‍മാന്‍ അഹ്മദ് ബിന്‍ ബയാത്ത്, ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഫാദില്‍ അല്‍ അലി, ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ഹുദ ബുഹുമൈദ് എന്നിവരും പങ്കെടുത്തു.