മാപ്പിളശീലില്‍ ഓണപ്പാട്ടിന്റെ ദൃശ്യാവിഷ്കാരം ഒരുക്കി ഖത്തര്‍ കലാകാരന്‍മാര്‍
ഓണവും ഈദും ഒരുമിച്ചെത്തിയപ്പോള്‍ ഓണപ്പാട്ടിനെ മാപ്പിളശീലില്‍ ചിട്ടപ്പെടുത്തിയുള്ള ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുകയാണ് ഖത്തറിലെ ഒരു കൂട്ടം കലാകാരന്‍മാര്‍
ഓണവും ഈദും ഒരുമിച്ചെത്തിയപ്പോള്‍ ഓണപ്പാട്ടിനെ മാപ്പിളശീലില്‍ ചിട്ടപ്പെടുത്തിയുള്ള ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുകയാണ് ഖത്തറിലെ ഒരു കൂട്ടം കലാകാരന്‍മാര്‍. മര്‍ഹബ മാവേലി എന്ന പേരില്‍ പുറത്തിറങ്ങിയ മ്യൂസിക് വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
തനത് മാപ്പിളശീലുകളില്‍ ചിട്ടപ്പെടുത്തിയ പാട്ടിനൊപ്പം ഓണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചേര്‍ത്ത് വെച്ചപ്പോള്‍ അത് വേറിട്ട ഒരു ദൃശ്യാനുഭവമായി മാറി. ഖത്തറിലെ പ്രമുഖരായ 12 ഗായകര്‍ ചേര്‍ന്നാണ് 5 മിനുട്ടില്‍ താഴെയുള്ള ഗാനത്തിലെ വരികളാലപിച്ചത്. മലയാളിക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണക്കാഴ്ചകള്‍ക്കൊപ്പം മാപ്പിളപ്പാട്ടിന്റെ ശീലുകള്‍ ചേര്‍ത്തൊരുക്കിയ മര്‍ഹബ മാവേലിയെന്ന സംഗീത വീഡിയോ ഈ വ്യത്യസ്ഥത കൊണ്ട് തന്നെയാണ് ആസ്വാദകര്‍ ഏറ്റെടുത്തതും സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചതും. മുഹ്‌സിന്‍ തളിക്കുളത്തിന്റെ വരികള്‍ക്ക് ലത്വീഫ് മാഹി ഈണം പകര്‍ന്നു. ഓണം പോലെ തന്നെ വിഭവസമൃദ്ധമായ ഈ ദൃശ്യവിരുന്നില്‍ ദോഹയിലെ 50 ഓളം കലാകാരന്‍മാരാണ് അണിനിരന്നത്.