മീഡിയവണ്‍ സംഗീത സപര്യ പുരസ്‍കാരം മുഹമ്മദ് ഈസക്ക്

Update: 2018-04-12 01:43 GMT
Editor : Alwyn K Jose
മീഡിയവണ്‍ സംഗീത സപര്യ പുരസ്‍കാരം മുഹമ്മദ് ഈസക്ക്

ഈ മാസം പത്തിന് ഖത്തറില്‍ നടക്കുന്ന പതിനാലാം രാവ് സീസണ്‍ 5 ഗ്രാന്റ് ഫിനാലെ വേദിയില്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ കെ. മുഹമ്മദ് ഈസക്ക് പുരസ്കാരം സമ്മാനിക്കും.

മീഡിയവണ്‍ ചാനലിന്റെ സംഗീത സപര്യ പുരസ്കാരം ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്ന കെ. മുഹമ്മദ് ഈസക്ക്. പതിറ്റാണ്ടുകളായി മാപ്പിളപ്പാട്ട് ഉള്‍പ്പെടെ സംഗീതത്തിന്റെ വിവിധ തുറകളില്‍ നടത്തുന്ന ആത്മാര്‍ഥമായ ഇടപെടലുകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരം. ഈ മാസം പത്തിന് ഖത്തറില്‍ നടക്കുന്ന പതിനാലാം രാവ് സീസണ്‍ 5 ഗ്രാന്റ് ഫിനാലെ വേദിയില്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ കെ. മുഹമ്മദ് ഈസക്ക് പുരസ്കാരം സമ്മാനിക്കും.

Advertising
Advertising

ഖത്തറിലെ കലാ സാംസ്‌കാരിക, ജീവകാരുണ്യ, കായിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കെ മുഹമ്മദ് ഈസ മാപ്പിളപ്പാട്ടിനെ ഗള്‍ഫില്‍ ജനകീയ വത്കരിച്ചവരില്‍ മുന്‍പന്തിയിലാണ്. മാപ്പിളപ്പാട്ടിലെ കരണവന്‍മാരായ പിടി അബ്ദുറഹ്മാനും ചാന്ദ്പാഷയും റംലാബീഗവും മുതല്‍ പുതിയ തലമുറയിലെ പാട്ടുകാരെ വരെ ആദ്യമായി ഗള്‍ഫില്‍ കൊണ്ട് വന്നതും സംഗീതരംഗത്തുള്ളവര്‍ക്ക് കലവറയില്ലാത്ത പിന്തുണ നല്‍കിയതുമാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. സംഗീതത്തിന്റെ വഴിയില്‍ ജീവിതം അര്‍പ്പിച്ച് വിടവാങ്ങിയ പ്രതിഭകളുടെ കുടുംബാംഗങ്ങള്‍ക്ക് തുണയാകാനും കെ. മുഹമ്മദ് ഈസ എന്ന മനുഷ്യ സ്‌നേഹിക്കായി. മോയിന്‍ കുട്ടി വൈദ്യര്‍ അക്കാദമിയുടെ മുന്‍ എക്സിക്യൂട്ടീവ് അംഗമെന്ന നിലയിലും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാ സാംസ്‌കാരിക കൂട്ടായ്മയായ ആശയുടെ അമരക്കാരനായും ഇദ്ദേഹം നിര്‍വ്വഹിച്ചത്‌ സ്തുത്യര്‍ഹമായ സേവനങ്ങളാണ്. മാര്‍ച്ച് 10 ന് ഖത്തറിലെ ഏഷ്യന്‍ ടൗണ്‍ ആംഫി തിയേറ്ററില്‍ വെച്ച് പതിനാലാം രാവ് സീസണ്‍ 5 ന്റെ ഗ്രാന്റ് ഫിനാലെ വേദിയില്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ മീഡിയവണ്‍ സംഗീത സപര്യ പുരസ്‌കാരം നല്‍കി ഈ മനുഷ്യന്‍ ആദരിക്കപ്പെടുമ്പോള്‍ സംശയമില്ലാതെ പറയാം ഇതേ അര്‍ഹതക്കുള്ള അംഗീകാരമാണ്.

Full View

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News