ഉപരോധം മനുഷ്യാവകാശ ലംഘനം: ആധിപത്യം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ഖത്തര്‍
ദുബൈ തുറമുഖത്തിനു പകരം ഒമാനില്‍ നിന്നുള്ള പുതിയ ചരക്ക്കപ്പല്‍ സര്‍വ്വീസിന് ഖത്തര്‍ തുടക്കമിട്ടു
സൌദിയും സഖ്യരാജ്യങ്ങളുമേര്‍പ്പെടുത്തിയ ഉപരോധത്തിനെതിരെ ഖത്തര്‍ രംഗത്ത്. ഉപരോധം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി കുറ്റപ്പെടുത്തി. അതേസമയം, ദുബൈ തുറമുഖത്തിനു പകരം ഒമാനില്‍ നിന്നുള്ള പുതിയ ചരക്ക്കപ്പല്‍ സര്‍വ്വീസിന് ഖത്തര്‍ തുടക്കമിട്ടു.
ഖത്തറിനുമേല്‍ ഗള്‍ഫ് അയല്‍ രാജ്യങ്ങളേര്‍പ്പെടുത്തിയ ഉപരോധത്തിലൂടെ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനും നിയന്ത്രണം ഏറ്റെടുക്കാനുമുള്ള നീക്കം അംഗീകരിക്കില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ ദൂതന്‍ മുത്‌ലഖ് അല്‍ഖഹ്താനി പറഞ്ഞു. ഖത്തറിനെതിരെ ഭീകരവാദ ആരോപണം ഉന്നയിച്ചവര്‍ക്ക് അത് തെളിയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപരോധം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്നും രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ ഉപരോധം ഇടയാക്കിയതായും ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റിയും കുറ്റപ്പെടുത്തി. ഉപരോധം മൂലം പരസ്പരം അകന്ന് കഴിയേണ്ടിവരുന്ന മേഖലയിലെ ജനങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചത് മുഖം മിനുക്കല്‍ നടപടിയാണ്. ശാശ്വത പരിഹാരത്തിനായി ഉപരോധം പിന്‍വലിക്കുകയാണ് വേണ്ടതെന്നും മനുഷ്യാവകാശ കമ്മിറ്റി ആവശ്യപ്പെട്ടു.
അതിനിടെ ഖത്തറിലെ ഹമദ് രാജ്യാന്തര തുറമുഖത്ത് നിന്ന് ഒമാനിലെ സൊഹാര്‍ തുറമുഖത്തേക്ക് നേരിട്ടുള്ള കപ്പല്‍ സര്‍വ്വീസിന് ഖത്തര്‍ തുടക്കമിട്ടു. ദുബൈ തുറമുഖം വഴി രാജ്യത്തേക്കുള്ള ചരക്ക് നീക്കം നിലച്ചതോടെയാണ് വിപുലമായി ചരക്കുകളെത്തിക്കാനുള്ള പുതിയ മാര്‍ഗ്ഗം ഖത്തര്‍ തേടിയത്. ഒന്നര ദിവസം ദൈര്‍ഘ്യമുള്ള സര്‍വ്വീസ് ആഴ്ചയില്‍ മൂന്ന് തവണയായിരിക്കും ഉണ്ടാവുകയെന്ന് ഹമദ് തുറമുഖം അധികൃതര്‍ അറിയിച്ചു.
സമവായ ശ്രമങ്ങള്‍ക്കിടയില്‍ തന്നെ ഇറാന്‍ തങ്ങളുടെ രണ്ട് യുദ്ധക്കപ്പലുകള്‍ ഒമാന്‍ തീരത്തേക്കയച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ബോര്‍സ് ബൂഷഹര്‍ ലോജിസ്റ്റിക് എന്നീ കപ്പലുകളാണ് ഒമാന്‍ തീരത്ത് പട്രോളിംഗ് നടത്തുന്നത്.