ദമ്മാം നഗരസഭയില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ കാമ്പയിന്‍
പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന നിരവധി ബോധവല്‍ക്കരണ പരിപാടികളാണ് അധികൃതര്‍ ആസൂത്രണം ചെയ്യുന്നത്.
ദമ്മാം നഗരസഭ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കും പ്ളാസ്റ്റിക് ക്യാരി ബാഗുകള്‍ക്കുമെതിരെ ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചു. പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന നിരവധി ബോധവല്‍ക്കരണ പരിപാടികളാണ് അധികൃതര്‍ ആസൂത്രണം ചെയ്യുന്നത്. പ്രധാനമായും സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
തുടക്കത്തില്‍ പാര്‍ക്കുകളിലും സന്ദര്‍ശക കേന്ദ്രങ്ങളിലും പൊതുനിരത്തുകളിലും സന്ദേശങ്ങള്‍ എഴുതിയ കമാനങ്ങള്‍ സ്ഥാപിക്കും. ബോധവത്കരണാര്‍ഥം പൊതുസ്ഥലങ്ങളില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ലഘുലേഖകള്‍ വിതരണം ചെയ്യും. മാസങ്ങള്‍ക്ക് മുമ്പാണ് കിഴക്കന്‍ പ്രവിശ്യയില്‍ റൊട്ടിക്കടകളില്‍ പ്ളാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള ഉത്തരവിറക്കിയത്. തുടര്‍ന്നാണ്, ദമ്മാമിലും ജുബൈലിലും കടലാസ് ബാഗുകള്‍ റൊട്ടിക്കടകളില്‍ നിലവില്‍ വന്നത്.
പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം ഗുരുതരമായ പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് പ്ളാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയത്. ചൂടുള്ള റൊട്ടി ദീര്‍ഘ നേരം പ്ലാസ്റ്റിക് ബാഗുകളില്‍ സൂക്ഷിച്ച ശേഷം ഭക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നത്തിനിടയാക്കുമെന്നാണ് വിദഗ്ധാഭിപ്രായം. പ്ളാസ്റ്റിക്കിനു പകരം ഇത്തരം ആവശ്യങ്ങള്‍ക്കായി കടലാസ് ബാഗുകള്‍ ഉപയോഗിക്കണമെന്നാണ് കര്‍ശന നിര്‍ദേശം. ഇതുസംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിന്‍ ആവിഷ്കരിച്ചിരിക്കുന്നത്.