പെരുന്നാള്‍ ആഘോഷത്തില്‍ ഖത്തര്‍
രാജ്യത്തിന്റെ വിവിധയിടങ്ങളിലായി നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ പ്രമുഖ പണ്ഡിതര്‍ ഖുതുബ മലയാളം പരിഭാഷ നിര്‍വഹിച്ചു.
നന്മയുടെയും വിശുദ്ധിയുടെയും നിറവില്‍ ഖത്തറിലെ പ്രവാസികളും ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ പ്രമുഖ പണ്ഡിതര്‍ ഖുതുബ മലയാളം പരിഭാഷ നിര്‍വഹിച്ചു. ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികള്‍ക്കാണ് ഇതോടെ ഖത്തറില്‍ തുടക്കമായത്.
ഖത്തറില്‍ രാവിലെ അഞ്ച് മണിക്ക് തന്നെ പെരുന്നാള്‍ നമസ്കാരം ആരംഭിച്ചു. ഈദ് ഗാഹുകളും പള്ളികളും ഉള്‍പ്പെടെ 489 കേന്ദ്രങ്ങളിലാണ് പെരുന്നാള്‍ നമസ്കാരത്തിന് സൌകര്യമേര്‍പ്പെടുത്തിയിരുന്നത്. എല്ലായിടങ്ങളിലും രാവിലെ കൃത്യം അഞ്ച് മണിക്ക് നമസ്കാരം ആരംഭിച്ചു. ശേഷം നടന്ന ഖുത്വുബയ്ക്ക് വിവിധയിടങ്ങളില്‍ പ്രമുഖ പണ്ഡിതര്‍ മലയാളം പരിഭാഷ നടത്തി. ഈ മാസം പതിനൊന്ന് വരെ നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് പെരുന്നാളിനോടനുബ്നധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കത്താറ സാംസ്കാരിക നഗരം, പേള്‍ ഖത്തര്‍, വിവിധ ബീച്ചുകള്‍, കോര്‍ണീഷ്, പേള്‍ ഖത്തര്‍ തുടങ്ങി കേന്ദ്രങ്ങളിലെല്ലാം പ്രത്യേക ആഘോഷ പരിപാടികള്‍ നടക്കും. വിവിധ പ്രവാസി സമൂഹങ്ങള്‍ക്ക് മാത്രമായുള്ള ആഘോഷ പരിപാടികള്‍ക്കും ആഭ്യന്തര മന്ത്രാലയം സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യന്‍ ടൌണ്‍, ലേബര്‍ സിറ്റി, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ബര്‍വ ബറാഹ എന്നിവടങ്ങളിലാണ് പ്രവാസികള്‍ക്കായുള്ള ആഘോഷ പരിപാടികള്‍ നടക്കുക.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെയാണ് പരിപാടികള്‍. വിവിധ സമൂഹങ്ങളുടെ പരമ്പരാഗത സംഗീത നൃത്ത പരിപാടികള്‍ക്കൊപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെ ബോധവല്‍ക്കരണ പരിപാടികളും നടക്കും.