ഗൾഫ് പ്രതിസന്ധിക്കിടെ ഖത്തർ അമീർ യു.എസ് പ്രസിഡന്‍റിനെ കാണും
അടുത്ത മാസം വൈറ്റ്ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച. ഖത്തറിന് മേലുള്ള ഉപരോധം കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് സൂചന
ഗൾഫ് പ്രതിസന്ധിക്കിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. അടുത്തമാസം വൈറ്റ്ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച. ഖത്തറിന് മേലുള്ള ഉപരോധം കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് സൂചന. ഖത്തറിന് മറ്റ് അറബ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം രണ്ട് വർഷം പിന്നിടുന്നതിനിടെയാണ് ഖത്തർ അമീറിന്റെയും യു.എസ് പ്രസിഡന്‍റിന്‍റെയും കൂടിക്കാഴ്ച. ജൂലൈ ഒൻപതിന് വൈറ്റ്ഹൗസിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ നിലവിലെ പ്രശ്നങ്ങളും സുരക്ഷയും തീവ്രവാദ വിരുദ്ധ സഹകരണവും ചർച്ചയാകും.
ഖത്തറും അമേരിക്കയും തമ്മിൽ ദീർഘകാല ബന്ധം ഉണ്ടാക്കാൻ കൂടിക്കാഴ്ച വഴിവെക്കുമെന്നും സാമ്പത്തിക സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും വെള്ളിയാഴ്ച വൈറ്റ്ഹൗസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. എണ്ണ, പ്രകൃതി വാതക ഉത്പാദനത്തിൽ ശക്തരായ ഖത്തറുമായി ബന്ധം സ്ഥാപിക്കുന്നതോടെ ഇറാനുമേൽ കൂടുൽ സമ്മർദ്ദം ചെലുത്താൻ കഴിയുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രതീക്ഷ.