പി.പി.ഇ കിറ്റ് ധരിച്ചുള്ള യാത്ര തുടങ്ങി

വിമാനതാവളങ്ങളിൽ വിരലടയാളം രേഖപ്പെടുത്തലുൾപ്പെടെയുള്ള യാത്രാ നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാനുളളതിനാൽ, എമിഗ്രേഷൻ നടപടികൾക്ക് ശേഷമാണ് മിക്ക യാത്രക്കാരും പി.പി.ഇ കിറ്റുകൾ ധരിച്ചത്.

Update: 2020-06-25 18:16 GMT

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരമായി പി.പി.ഇ കിറ്റുകൾ ധരിച്ച് കൊണ്ട് കേരളത്തിലേക്ക് പ്രാവാസികളുടെ യാത്ര ആരംഭിച്ചു. ഏത് തരം പി.പി.ഇ കിറ്റുകളാണ് ധരിക്കേണ്ടതെന്ന കാര്യത്തിൽ യാത്രക്കാർ ആശയകുഴപ്പത്തിലായി.

കോവിഡ് പരിശോധന സാധ്യമല്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വിമാന യാത്രക്കാർ പി.പി.ഇ കിറ്റ് ധരിച്ചിരിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ഉത്തരവ് ഇന്ന് മുതലാണ് പ്രാബല്യത്തിലായത്. എന്നാൽ ഏത് തരം പി.പി.ഇ കിറ്റുകളാണ് ഉപയോഗിക്കേണ്ടതെന്ന കാര്യത്തിൽ വ്യക്തമായ മാർഗ്ഗ നിർദ്ദേശം ലഭിക്കാതിരുന്നത് യാത്രക്കാരെ ആശയകുഴപ്പത്തിലാക്കി. കെ.എം.സി.സി നേതാക്കൾ നോർക്ക അധികൃതരുമായി ചർച്ച നടത്തി വ്യക്തതവരുത്തിയതിന് ശേഷമാണ് ജിദ്ദയിൽ നിന്നുള്ള യാത്രക്കാർക്ക് കിറ്റുകൾ വിതരണം ചെയ്തത്. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ചാർട്ടർ ചെയ്ത വിമാനമാണ് പുതിയ ചട്ടം പ്രാബല്യത്തിൽ വന്നതിന് ശേഷം ആദ്യമായി പുറപ്പെട്ടത്.

Advertising
Advertising

സൌദിയ എയർലൈൻസിൻ്റെ വിമാനത്തിൽ ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കാർക്ക് കെ.എം.സി.സി പ്രവർത്തകർ പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു.

വിമാനതാവളങ്ങളിൽ വിരലടയാളം രേഖപ്പെടുത്തലുൾപ്പെടെയുള്ള യാത്രാ നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാനുളളതിനാൽ, എമിഗ്രേഷൻ നടപടികൾക്ക് ശേഷമാണ് മിക്ക യാത്രക്കാരും പി.പി.ഇ കിറ്റുകൾ ധരിച്ചത്. സൗദിയിൽ ട്രൂനാറ്റ് ടെസ്റ്റിനും, റാപ്പിഡ് ടെസ്റ്റിനും അനുമതി നിഷേധിച്ചതോടെയാണ്, പി.പി.ഇ കിറ്റ് ധരിച്ച് വരാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്. യാത്രാ നടപടിക്രമങ്ങളിൽ കൂടുതൽ വ്യക്തത വന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ ചാർട്ടേഡ് വിമാനങ്ങളിലായി പ്രവാസികൾ കേരളത്തിലെത്തും.

Tags:    

Similar News