കോവിഡിന് ശേഷം തിരിച്ചെത്തി സൌദി വിപണി; വന്‍കിട പദ്ധതികളും ഭാഗികമായി തുടങ്ങുന്നു
പ്രതിസന്ധികള്‍ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍
പ്രതിസന്ധിയിലായ സൌദി വിപണി കോവിഡിന് ശേഷം തിരിച്ചെത്തുകയാണ്. നേരത്തെ നിര്‍ത്തി വെച്ചിരുന്ന വന്‍കിട പ്രൊജക്ടുകളെല്ലാം ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. നേരത്തെ ശമ്പളം കുറച്ച കമ്പനികളില്‍ പലരും മുഴുവന്‍ ശമ്പളം കൊടുത്തു തുടങ്ങി. മുന്നിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ പുതിയ സാമ്പത്തിക പദ്ധതിയും സൌദി അറേബ്യ തയ്യാറാക്കിയിട്ടുണ്ട്. .
വ്യാപര മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ കമ്പനികള്‍ക്ക് ശമ്പളം വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിപണി ഉണര്‍ന്നതോടെ പലരും മുഴുവന്‍ ശമ്പളം നല്‍കുന്നതിലേക്ക് നീങ്ങിത്തുടങ്ങി. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ പ്രവാസികളുടെ പോക്കു വരവ് നിലച്ചു. ഇത് വ്യാപാര സ്ഥാപനങ്ങളിലെ വില്‍പനയെ ബാധിച്ചിട്ടുണ്ട്. വിമാന സര്‍വീസ് പുനരാരംഭിച്ചാല്‍ ഇതും മറികടക്കാനാകും. ഹജ്ജിന് ശേഷം ഇതു സംബന്ധിച്ച ചിത്രം തെളിയും
നേരത്തെ നിര്‍ത്തിവെച്ചിരുന്ന ചെങ്കടല്‍, ഖിദ്ദിയ്യ, നിയോം പദ്ധതികളെല്ലാം പതിയെ പുനരാരംഭിക്കുകയാണ്. ഇന്ത്യക്കാരാണ് ഈ പദ്ധതികളില്‍ ജോലി ചെയ്യുന്നവരില്‍ നല്ലൊരു പങ്കും. വാറ്റ് വര്‍ധിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കും. ഒപ്പം വരും മാസങ്ങളില്‍ വിപണി സജീവമാക്കാനുള്ള പദ്ധതികളും തയ്യാറാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.