സൗദിയില്‍ വാറ്റ് ഒഴിവാക്കിയ തീരുമാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും
കഴിഞ്ഞ ദിവസം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പുതിയ നികുതി സമ്പ്രദായത്തിനാണ് നാളെ മുതല്‍ തുടക്കം കുറിക്കുക.
സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ മൂല്യ വര്‍ധിത നികുതിയില്‍ നിന്നും ഒഴിവാക്കിയ നടപടി നാളെ മുതല്‍ പ്രബല്യത്തിലാകും. പകരം ഈ മേഖലയിലെ ഇടപാടുകള്‍ക്ക് അഞ്ച് ശതമാനം വ്യവഹാരം നികുതി മാത്രമായിരിക്കും ഈടാക്കുക. സകാത്ത് നികുതി വകുപ്പാണ് പരിഷകരിച്ച നികുതി ഘടന പുറത്തിറിക്കിയത്.
കഴിഞ്ഞ ദിവസം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പുതിയ നികുതി സമ്പ്രദായത്തിനാണ് നാളെ മുതല്‍ തുടക്കം കുറിക്കുക. ജനറല്‍ അതോറിറ്റി ഫോര്‍ സകാത് ആന്റ് ഇന്‍കം ടാക്‌സാണ് പരിഷ്‌കരിച്ച നികുതി ഘടന പുറത്തിറക്കിയത്. രാജ്യത്ത് നിലവിലുള്ള മൂല്യവര്‍ധിത നികുതിയില്‍ നിന്നും റിയല്‍ എസ്റ്റേറ്റ് മേഖലയെ പാടെ ഒഴിവാക്കി പകരം പുതുതായി ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം വ്യവഹാര നികുതി ഉള്‍പ്പെടുത്തിയാണ് നികുതി ഘടന പരിഷ്‌കരിച്ചത്. ഒപ്പം ഇറക്കുമതി ചെയ്യുന്ന ഉള്‍പന്നങ്ങളുടെ വാറ്റ് നികുതി അടക്കുന്നതിനുള്ള സമയ ദൈര്‍ഘ്യം മുപ്പത് ദിവസമായി പരിമിതപ്പെടുത്തിയും പരിഷ്‌കരിച്ച നിയമത്തില്‍ ഭേദഗതി വരുത്തി.
കഴിഞ്ഞ ജൂലൈയില്‍ നടപ്പിലാക്കിയ വാറ്റ് വര്‍ധനവിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നേരിട്ട പ്രതിസന്ധികളെ തുടര്‍ന്നാണ് പുതിയ തീരുമാനം. വീടുകളും കെട്ടിടങ്ങളും സ്വന്തമാക്കുന്നതിന് സ്വദേശികളെ സഹായിക്കുക, താമസ, കച്ചവട റിയല്‍ എസ്റ്റേറ്റ് മേഖലകളെ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് നീക്കം. തീരുമാനം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കുറക്കുന്നതിനും കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും സഹായിക്കുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്. സ്വന്തമായി വീടുകളും ഭൂമിയും വാങ്ങുന്നവര്‍ക്കാണ് തീരുമാനം ഏറെ പ്രയോജനപ്രദമാകുക.