സൌദിയിലെ ബജറ്റ് കമ്മി കുറയുന്നു; എണ്ണേതര വരുമാനവും വാറ്റും നേട്ടമായി
60 ശതമാനത്തിലേറെയാണ് ബജറ്റ് കമ്മി കുറഞ്ഞത്. വാറ്റ് വര്‍ധിപ്പിച്ചതും എണ്ണേതര വരുമാനം വര്‍ധിച്ചതുമാണ് നേട്ടത്തിന് കാരണം
കോവിഡ‍് പ്രതിസന്ധി അയഞ്ഞതോടെ സൌദിയുടെ ബജറ്റ് കമ്മി കുറഞ്ഞു. 60 ശതമാനത്തിലേറെയാണ് ബജറ്റ് കമ്മി കുറഞ്ഞത്. വാറ്റ് വര്‍ധിപ്പിച്ചതും എണ്ണേതര വരുമാനം വര്‍ധിച്ചതുമാണ് നേട്ടത്തിന് കാരണം. ഇതോടെ, രാജ്യത്തെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.
സൌദിയിലെ നിലവിലെ സാമ്പത്തികാവസ്ഥയെ ഇങ്ങിനെ മനസ്സിലാക്കാം. അതായത് ജൂലെ സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലെ ആകെ ചെലവ് 256 ബില്യണ്‍ റിയാലാണ്. വരവാകട്ടെ 215 ബില്യണും. ബജറ്റ് കമ്മി 40 ബില്യണ്‍ റിയാല്‍. കോവിഡ് ചെലവുകള്‍ കുത്തനെ കൂടിയ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളെ അപേക്ഷിച്ച് സ്ഥിതി മെച്ചപ്പെടുന്നതാണ് ചിത്രം. ഇതിന് രണ്ട് കാരണമുണ്ട്. ഒന്ന് മൂല്യ വര്‍ധിത നികുതി പതിനഞ്ച് ശതമാനമാക്കി വര്‍ധിപ്പിച്ചു.
രണ്ട്, കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതിനിടെ എണ്ണേതര വരുമാനം കൂടുകയും ചെയ്തു. കഴിഞ്ഞ 9 മാസത്തിനിടെ 317 ബില്യണ്‍ റിയാലാണ് എണ്ണയില്‍ നിന്നും ലഭിച്ചത്. എണ്ണേതര വരുമാനം വഴി 224 ബില്യണും ലഭിച്ചു. റെക്കോര്‍ഡ് വര്‍ധനയാണ് എണ്ണേതര വരുമാനത്തില്‍ ഉണ്ടാവുന്നത്. എന്നാല്‍ കോവിഡ് കാരണം ഈ വര്‍ഷം 3.8 ശതമാനം ഇടിവ് ജിഡിപിയില്‍ ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. കുത്തനെ വര്‍ധിപ്പിച്ച നികുതിയില്‍ അടുത്ത വര്‍ഷമെങ്കിലും ഇളവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംരംഭകര്‍.