വളാഞ്ചേരി സ്വദേശിയുടെ വിവാഹം നടന്നത് റിയാദില്‍; എല്ലാ ചെലവുകളും വഹിച്ചത് സൌദി കുടുംബം
വിമാന സര്‍വീസ് അനിശ്ചിതമായി നീണ്ടതിനാല്‍ മലയാളി തൊഴിലാളിയുടെ വിവാഹം ഇന്നലെ സ്പോണ്‍സര്‍ നടത്തികൊടുത്തു
സ്പോണ്‍സര്‍മാരുടെ വാശിയും അനിഷ്ടങ്ങളും കാരണം പ്രതിസന്ധി അനുഭവിക്കുന്ന മലയാളികളുടെ കഥകള്‍ ഏറെയുണ്ടാകാറുണ്ട്. എന്നാല്‍ വിമാന സര്‍വീസ് അനിശ്ചിതമായി നീണ്ടതിനാല്‍ മലയാളി തൊഴിലാളിയുടെ വിവാഹം ഇന്നലെ സ്പോണ്‍സര്‍ നടത്തികൊടുത്തു. സ്വന്തം മകനെന്ന പോലെ എല്ലാ ചെലവുകളും വഹിച്ചതും ഭക്ഷണം നല്‍കിയതും സൌദി കുടുംബമാണ്. മലപ്പുറം വളാഞ്ചേരി സ്വദേശിയായ തസ്‌ലീമിന്‍റെയും കാടാമ്പുഴ സ്വദേശി അസ്മയുടേയും നിക്കാഹാണ് ഇന്നലെ റിയാദില്‍ നടന്നത്.
മനോഹരമായ ഒരു നിമിഷത്തിനാണ് ഈ വീട് സാക്ഷ്യം വഹിച്ചത്. മലപ്പുറം വളാഞ്ചേരി സ്വദേശി തസ്‍ലിം ഈ വീട്ടില്‍ ഹൌസ് ഡ്രൈവറാണ്. നാല് വര്‍ഷമായി ഇവിടെയെത്തിയിട്ട്. സൌദി പാസ്‍പോര്‍ട്ട് വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്വദേശിയുടെ വീടിനോട് ചേര്‍ന്നുള്ള ഈ മുറിയാണ് തസ്‍ലിമിന്‍റെ ലോകം. ഒന്നര വര്‍ഷം മുമ്പ് നാട്ടിലെത്തിയപ്പോള്‍ വിവാഹനിശ്ചയം നടത്തി. നാട്ടില്‍ പോകാനുള്ള സമയമായതോടെ കോവിഡായി, യാത്രാവിലക്കായി, വിമാനമില്ലാതായി.
അങ്ങനെ സൌദിയില്‍ നിന്നും നാട്ടില്‍ പോയാല്‍ മടങ്ങി വരാനാകില്ലെന്ന കാരണത്താല്‍ നിക്കാഹ് ഓണ്‍ലൈനില്‍ നടത്താന്‍ തീരുമാനിച്ചു. ഹോട്ടലില്‍ വെച്ച് നടത്താനായിരുന്നു പ്ലാന്‍. പക്ഷേ, മകനെ പോലെ പോറ്റുന്ന സ്പോണ്‍സര്‍ വിലക്കി. കല്യാണം എന്‍റെ വീട്ടില്‍ വെച്ചു മതി. കല്യാണപ്പുടവ സൌദിയുടെ ഉമ്മയുടെ വക. എല്ലാ സജ്ജീകരണങ്ങളും പാട്ടും ഫഹദ് സിയാദ് ഹസന്‍ അല്‍ മുഫ്ത എന്ന സ്പോണ്‍സറുടെ ഇഷ്ടദാനം. പിന്നെ ഓണ്‍ലൈന്‍ വഴി നിക്കാഹ്. കാര്‍മികത്വം വഹിക്കാന്‍ ഉസ്താദുമാരും നാട്ടുകാരും പൌരപ്രമുഖരും. നിക്കാഹ് ഖുത്ബക്ക് പിന്നാലെ കാടാമ്പുഴ സ്വദേശിയായ വധു അസ്മക്കുള്ള മഹര്‍, അബഹയില്‍ നിന്നെത്തിയ അവളുടെ പിതാവ് ഏറ്റുവാങ്ങി.
സ്വന്തം സഹോദരനായി തസ്‍ലിമിനെ കാണുന്ന തൊഴിലുടമ കൂടിയായ സൌദി പൌരന്‍ അവനെ ചേര്‍ത്തു പിടിച്ച് പ്രാര്‍ഥിച്ചു. എല്ലാം കണ്ടു നിന്ന വധുവിന്‍റെ പിതാവിനും പെരുത്ത് സന്തോഷം. പിന്നെ സൌദി മാതൃകയില്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയ നിക്കാഹ് ഭക്ഷണം. ഒന്നിച്ച് ഒരു പാത്രത്തില്‍ നിന്നുണ്ണാന്‍ പഠിപ്പിക്കുന്ന സൌദി ജീവിത മാതൃകയാണിത്. അത് തസ്‍ലിമിന്‍റെ വിവാഹ ജീവിതത്തിലുമുണ്ടാകട്ടേയെന്ന് ഓരോരുത്തരും പ്രാര്‍ഥിച്ചു. വയറും മനസ്സും കണ്ണും നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ ഫഹദ് സിയാദ് ഹസന്‍ അല്‍ മുഫ്തക്കും കുടുംബത്തിനും പ്രാര്‍ഥനകളോടെ വിവാഹത്തിനെത്തിയവരെല്ലാം മടങ്ങി.