ഖത്തറില്‍ കോവിഡ് ബാധിച്ച് അഞ്ചുപേര്‍കൂടി മരിച്ചു; 981 പുതിയ കേസുകള്‍
രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 20852 ആയി.
ഖത്തറില്‍ കോവിഡ് ബാധിച്ച് അഞ്ചുമരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണങ്ങള്‍ 340 ആയി. 981 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 250പേര്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്.
രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 20852ആയി ഉയര്‍ന്നു. 208പേരെക്കൂടി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1725 ആയി. 479 പേരാണ് അത്യാഹിത വിഭാഗങ്ങളില്‍ കഴിയുന്നത്. അതിനിടെ, വിവിധ കോവിഡ് നിയമലംഘനങ്ങളുടെ പേരില്‍ 476 പേര്‍ പൊലീസ് പിടിയിലായി.
കോവിഡ് വ്യാപനം ഉയരുന്നതിനിടെ പുതിയ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ കൂടി ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങി. ഹസം മബൈരീക്ക് ജനറല്‍ ആശുപത്രിക്ക് കീഴിലാണ് ഫീല്‍ഡ് ഹോസ്പിറ്റല്‍ സജ്ജീകരിച്ചത്.
നിലവില്‍ നൂറ് രോഗികളെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. വരുന്ന ആഴ്ച്ചകളോടെ ബെഡുകളുടെ എണ്ണം കൂട്ടുമെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നതിന് പിന്നാലെ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച പല കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റലുകളും പുനരാരംഭിച്ചിട്ടുണ്ട്.