എട്ട് മാസത്തിന് ശേഷം സൗദിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു
ഓഗസ്റ്റ് 27ന് ശേഷം ആദ്യമായാണ് കേസുകൾ ആയിരിത്തിന് മുകളിലേക്കുയരുന്നത്. കൂടാതെ ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണത്തിലും മരണ സംഖ്യയിലും വർധന രേഖപ്പെടുത്തിവരുന്നത് ആശങ്ക വർധിപ്പിക്കുന്നു
എട്ട് മാസത്തിന് ശേഷം സൗദിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ(ചൊവ്വ) ആയിരം കടന്നു. മരണനിരക്കും രാജ്യത്ത് വർധിക്കുകയാണ്. 1070 പുതിയ കേസുകളും, 940 രോഗമുക്തിയുമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്.
രണ്ടാം തരംഗത്തിന്റെ ഭാഗമായി ജനുവരി മൂന്ന് മുതലാണ് വീണ്ടും കേസുകൾ ഉയർന്ന് തുടങ്ങിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 1070 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഓഗസ്റ്റ് 27ന് ശേഷം ആദ്യമായാണ് കേസുകൾ ആയിരിത്തിന് മുകളിലേക്കുയരുന്നത്. കൂടാതെ ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണത്തിലും മരണ സംഖ്യയിലും വർധന രേഖപ്പെടുത്തിവരുന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്. ഇന്നലെ 12 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം വർധിച്ച് 9,626 ലെത്തി. റിയാദിൽ മാത്രം 2,849 പേരാണ് ചികിത്സയിലുള്ളത്. ജിദ്ദയിൽ ആയിരത്തോളം പേരും, മക്കയിൽ 481 പേരും, ഹുഫൂഫിൽ 319 പേരും ചികിത്സയിലുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തൊട്ടാകെ ഇത് വരെ നാല് ലക്ഷത്തി ഏഴായിരത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിൽ 3,90,538 പേർക്കും ഭേദമായിട്ടുണ്ട്. 6,846 പേർ ഇത് വരെ മരണത്തിന് കീഴടങ്ങി. പ്രതിദിന കേസുകൾ ഉയരുമ്പോഴും, രോഗമുക്തിയിലും വർധനയാണ് രേഖപ്പെടുത്തി വരുന്നത്. ഇന്നലെ മാത്രം 940 പേർക്ക് രോഗം ഭേദമായി. 74 ലക്ഷത്തിലധികം ഡോസ് വാക്‌സിൻ ഇത് വരെ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Watch Video Report: