കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കൾ ഡേറ്റ് മാറ്റി വിറ്റു; ബഹ്‌റൈനിൽ 29 പേർ പിടിയിൽ

സ്വകാര്യ കമ്പനിയുടെ ഗോഡൗണും റീട്ടെയിൽ ശാഖകളും അടച്ചപൂട്ടാൻ ഉത്തരവിട്ട് വാണിജ്യ വ്യവസായ മന്ത്രാലയം

Update: 2025-05-29 16:57 GMT
Editor : Thameem CP | By : Web Desk

മനാമ: കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കൾ ഡേറ്റിൽ കൃത്രിമം കാട്ടി വിൽപ്പന നടത്തിയതിന് ബഹ്‌റൈനിൽ സ്വകാര്യ കമ്പനിയുടെ ഗോഡൗണും റീട്ടെയിൽ ശാഖകളും അടച്ചപൂട്ടാൻ ഉത്തരവിട്ട് വാണിജ്യ വ്യവസായ മന്ത്രാലയം. കമ്പനിയുടമടയും ജീവനക്കാരുമടക്കം 29 പേർ പിടിയിലായി. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഡേറ്റിൽ കൃത്രിമം കാട്ടി വീണ്ടും വിപണിയിലേക്ക് ഇറക്കാനുള്ള ശ്രമമാണ് ബഹ്‌റൈനിലെ വാണിജ്യ വ്യവസായ മന്ത്രാലയം തടഞ്ഞത്. ഭക്ഷ്യ വിതരണ കമ്പനിയുടെ വെയർഹൗസും റീട്ടെയിൽ ശാഖകളും അടച്ചപൂട്ടാൻ മന്ത്രാലയം ഉത്തരവിട്ടു. കമ്പനിയുടെ ഗോഡൗണാണ് തട്ടിപ്പ് കേന്ദ്രമായി പ്രവർത്തിച്ചുകൊണ്ടിരുന്നത്. കമ്പനിയുടെ ഉടമകൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുൾപ്പെടെ 29 പേർ പിടിയിലായിട്ടുണ്ട്.

Advertising
Advertising

ബിസ്‌കറ്റുകളും കുക്കികളുമടങ്ങുന്ന കാലാവധി കഴിഞ്ഞ ഭക്ഷണ പദാർഥങ്ങൾ തീയതികളിൽ മാറ്റം വരുത്തിയും പാക്കിങ് മാറ്റിയുമാണ് തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്. കമ്പനിയിലെ ജീവനക്കാരന്റെ തന്നെ പരാതിയിലാണ് വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധനയും തുടർനടപടിയും. തുടർച്ചയായി ഇത്തരം തട്ടിപ്പുകൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നോർത്തേൺ ഗവർണറേറ്റിലെ പൊലീസ് സ്റ്റേഷനിൽ ജീവനക്കാരൻ പരാതി നൽകുകയായിരുന്നു. തന്നെ കാലാവധി കഴിഞ്ഞ ഭക്ഷണങ്ങളുടെ ഡേറ്റ് മാറ്റാൻ നിർബന്ധിപ്പിച്ചുവെന്നും അദ്ദേഹം പരാതിയിൽ വെളിപ്പെടുത്തി.

പരാതിക്കൊപ്പം തെളിവായി ഒരു വിഡിയോയും തൊഴിലാളി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി. പരാതിയെത്തുടർന്ന് കേസ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കൈമാറുകയായിരുന്നു. അവർ ഉടൻ പരിശോധന ആരംഭിക്കുകയും തെളിവോടെ തട്ടിപ്പ് കണ്ടെത്തുകയുമായിരുന്നു.

കാലാവധി കഴിഞ്ഞ സാധനങ്ങൾ കൈവശംവെക്കൽ, കാലവധി തീയതികളിൽ മാറ്റം വരുത്തി വിൽപന നടത്തൽ എന്നിവക്കെതിരെ വ്യാപകമായ രീതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഫസ്റ്റ് ചീഫ് പ്രോസിക്യൂട്ടർ വഈൽ ബുഅലി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയെ ബാധിക്കുന്നതും പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുന്നതുമായ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമം കർശനമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News