ഏഷ്യൻ യൂത്ത് ഗെയിംസ്: ഇന്ത്യക്ക് മൂന്നാം സ്വർണം
വനിതകളുടെ 44 കിലോ വെയ്റ്റ് ലിഫ്റ്റിങ്ങിൽ പ്രീതി സ്മിതയാണ് സ്വർണം നേടിയത്
മനാമ: ബഹ്‌റൈനിൽ നടക്കുന്ന ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. വനിതകളുടെ 44 കിലോ വെയ്റ്റ് ലിഫ്റ്റിങ്ങിൽ പ്രീതി സ്മിതയാണ് സ്വർണം നേടിയത്. 161 പോയിന്റുമായി വേൾഡ് യൂത്ത് റെക്കോർഡോടെയാണ് പ്രീതി സ്മിതയുടെ സ്വർണ നേട്ടം. ഇതോടെ ഇന്ത്യയ്ക്ക് മൂന്ന് സ്വർണം, 10 വെള്ളി, 11 വെങ്കലം എന്നിവ ഉൾപ്പെടെ 24 മെഡലായി.
വനിതകളുടെ കബഡിയിലാണ് ഇന്ത്യക്ക് ആദ്യ സ്വർണം ലഭിച്ചത്. ഫൈനലിൽ ഇറാനെ തോൽപ്പിച്ചായിരുന്നു സ്വർണ നേട്ടം. രണ്ടാം സ്വർണവും കബഡിയിൽ ഇറാനെ തോൽപ്പിച്ചായിരുന്നു. പുരുഷ വിഭാഗത്തിലായിരുന്നു നേട്ടം. അഞ്ച് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ ഒമ്പത് മെഡലുകൾ അത്‌ലറ്റിക്‌സിലാണ് ലഭിച്ചത്.
നിലവിൽ പത്താം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യൻ ഒളിമ്പിക്‌സ് കമ്മിറ്റി അസോസിയേഷൻ പ്രസിഡന്റായ പിടി ഉഷ അടക്കമുള്ളവർ ഇന്ത്യൻ താരങ്ങൾക്ക് പിന്തുണയേകാൻ യൂത്ത് ഗെയിംസ് വേദിയിൽ എത്തിയിട്ടുണ്ട്.