ബഹ്‌റൈനില്‍ പ്രവാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ

പ്രവാസികള്‍ക്കും പെന്‍ഷന്‍ പദ്ധതിയില്‍ ഇടം നല്‍കണമെന്ന ശിപാര്‍ശ സര്‍ക്കാരിന്റെ പരിഗണനക്ക് സമര്‍പ്പിച്ചതായി സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ അധികൃതര്‍ പ്രാദേശിക പത്രത്തോട് വെളിപ്പെടുത്തി.

Update: 2021-09-13 17:44 GMT

ബഹ്‌റൈനില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലിചെയ്യുന്ന പ്രവാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ശിപാര്‍ശ. സര്‍ക്കാരിന്റെ അംഗീകാരത്തിനു വിധേയമായിരിക്കും ഈ വിഷയത്തിലുള്ള അന്തിമ തീരുമാനം. അഹ്‌മദ് അല്‍ അന്‍സാരി അധ്യക്ഷനായ പാര്‍ലമെന്റിന്റെ സര്‍വീസ് കമ്മിറ്റിയാണ് പ്രവാസികളെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള നിര്‍ദേശം മുന്നോട്ട് വെച്ചത്. പ്രവാസികള്‍ക്കും പെന്‍ഷന്‍ പദ്ധതിയില്‍ ഇടം നല്‍കണമെന്ന ശിപാര്‍ശ സര്‍ക്കാരിന്റെ പരിഗണനക്ക് സമര്‍പ്പിച്ചതായി സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ അധികൃതര്‍ പ്രാദേശിക പത്രത്തോട് വെളിപ്പെടുത്തി.

Advertising
Advertising

മിലിട്ടറി പെന്‍ഷന്‍ നിയമത്തില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തുന്നതുവഴി പ്രതിവര്‍ഷം 200 മില്യണ്‍ ദിനാര്‍ നേടാന്‍ കഴിയുമെന്ന് സോഷ്യല്‍ ഇന്‍ഷൂറന്‍സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയിരുന്നു. ശിപാര്‍ശ അംഗീകരിക്കപ്പെടുകയാണെങ്കില്‍ പൊതു, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ പ്രതിമാസം നിശ്ചിത തുക പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കണം. സേവനം അവസാനിക്കുേമ്പാള്‍ ഇവര്‍ക്ക് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി. പ്രവാസികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പെന്‍ഷന്‍ ഫണ്ടില്‍ മതിയായ നിക്ഷേപം ഉറപ്പ് വരുത്തുമെന്ന് ചില പാര്‍ലിമെന്റ് അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ബഹ്‌റൈന്‍ പൗരന്മാരല്ലാത്തവര്‍ക്ക് സോഷ്യല്‍ ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കിയ 1977ലെ നിയമം പിന്‍വലിക്കണമെന്നും ചില എം. പി മാര്‍ ആവശ്യപ്പെട്ടു. 1977 വരെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികളും പെന്‍ഷന്‍ ഫണ്ടിന്റെ പരിധിയില്‍ വന്നിരുന്നു. പുതിയ ശിപാര്‍ശ അനുസരിച്ച് ചുരുങ്ങിയ വിരമിക്കല്‍ പ്രായം 55 വയസായാണ് കണക്കാക്കുക. തൊട്ടുമുമ്പുള്ള അഞ്ച് വര്‍ഷത്തെ ശരാശരി ശമ്പളം അടിസ്ഥാനമാക്കിയായിരിക്കും പെന്‍ഷന്‍. പദ്ധതിക്കുള്ള ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഇത് പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാകും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News