സൗദിയിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾക്ക് അനുമതി; എല്ലാ പ്രവേശന കേന്ദ്രങ്ങളിലും പ്രവർത്തിക്കും

രാജ്യത്ത് വിലക്കേർപ്പെടുത്തിയതൊഴികെയുള്ള എല്ലാ ഉൽപ്പന്നങ്ങളും യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് ലഭിക്കും.

Update: 2023-01-14 18:34 GMT
Advertising

ജിദ്ദ: സൗദിയിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ തുടങ്ങാനുള്ള അന്തിമ അനുമതിയും ചട്ടങ്ങളും പുറത്തിറക്കി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പ്രവേശന കവാടങ്ങളിലും ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ പ്രവർത്തിക്കും.

രാജ്യത്ത് വിലക്കേർപ്പെടുത്തിയതൊഴികെയുള്ള എല്ലാ ഉൽപ്പന്നങ്ങളും യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് ലഭിക്കും. വിമാനത്താവളങ്ങൾ, കരാതിർത്തികൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ സ്ഥാപിക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇതിനാണിപ്പോൾ സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ അന്തിമ അംഗീകാരം നൽകിയത്.

ഇത് സംബന്ധിച്ച നിയമങ്ങളും വ്യവസ്ഥകളും മന്ത്രാലയം പുറത്തുവിട്ടു. പുതിയ ചട്ടപ്രകാരം കസ്റ്റംസ് നികുതിയില്ലാതെ വിദേശ ഉൽപ്പന്നങ്ങൾ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകളിൽ ഇറക്കുമതി ചെയ്യാനും വിൽപ്പന നടത്താനും അനുവാദമുണ്ടാകും. രാജ്യത്ത് അനുവദിക്കപ്പെട്ട എല്ലാ ഉൽപ്പന്നങ്ങളും ഡ്യൂട്ടി ഫ്രീ മാർക്കറ്റുകളിലും അവയുടെ വെയർഹൗസുകളിലും സൂക്ഷിക്കാൻ നിയമങ്ങൾ അനുവദിക്കുന്നുണ്ട്.

രാജ്യത്തേക്ക് വരുന്നവരും പോകുന്നവരുമായ എല്ലാ യാത്രക്കാർക്കും ഇനി മുതൽ നികുതിയില്ലാതെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് സഹായകരമാകുന്നതാണ് പുതിയ നിയമം. എന്നാൽ രാജ്യത്ത് വിലക്കുള്ള എല്ലാ വസ്തുക്കൾക്കും തീപിടിക്കാനിടയുള്ള ഉൽപ്പന്നങ്ങൾക്കും ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ വിലക്കുണ്ട്.

കൂടാതെ മയക്കുമരുന്നുകൾ, ബഹിഷ്‌കരണം പ്രഖ്യാപിച്ച രാജ്യങ്ങളിലെ ഉൽപ്പന്നങ്ങൾ, പ്രവേശന വിലക്കേർപ്പെടുത്തിയ ഉൽപ്പന്നങ്ങൾ, മറ്റു ഉൽപ്പന്നങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വസ്തുക്കൾ എന്നിവയും ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ പ്രവേശിപ്പിക്കാൻ പാടില്ല.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News