കോവാക്സിനു വിദേശ രാഷ്ട്രങ്ങളിൽ അംഗീകാരം ലഭിക്കാൻ എന്തെല്ലാം നടപടികളെടുത്തു എന്ന് വിശദീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി

ജിദ്ദ കെഎംസിസിയും സഹ്റാനി ഗ്രൂപ്പും നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ

Update: 2021-06-28 15:32 GMT

കോവാക്‌സിനു അന്തര്‍ദേശീയ അംഗീകാരം ലഭിക്കുന്നതിനു എന്തൊക്കെ ചെയ്തുവെന്നു അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി ചാലി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും മറ്റുമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതു സംബന്ധിച്ചു സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കുകയാണ്. എന്നാല്‍ കോവിഡ് വാക്‌സിനായ കോവാക്‌സിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ ഈ വാക്‌സിനെടുത്തവര്‍ വിദേശ രാജ്യങ്ങളിലുള്ള വാക്‌സിന്‍ വീണ്ടും  സ്വീകരിക്കേണ്ട സാഹചര്യമാണുള്ളതെന്ന് ഹരജിക്കാരായ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ VP മുസ്തഫ, സെഹ്‌റാനി ഗ്രൂപ്പ്‌ സിഇഒ റഹീം പട്ടര്‍ക്കടവനു വേണ്ടി അഡ്വ. ഹാരിസ് ബീരാന്‍  കോടതിയില്‍ അറിയിച്ചു.

Advertising
Advertising

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക തകരാറുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു നിവേദനം നല്‍കിയിട്ടും ഇതുവരെ പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കോവീഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റില്‍ വാക്‌സിന്റെ ശരിയായതും പൂര്‍ണവുമായ പേര് രേഖപ്പെടുത്തുന്നതിനു നിര്‍ദ്ദേശിക്കണമെന്നു ഹരജിയില്‍ ആവശ്യപ്പെട്ടു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണം, പ്രവാസികള്‍ക്ക് രണ്ടാം ഘട്ട വാക്‌സിന്‍ വേഗത്തില്‍ നല്‍കുന്നതിനു നടപടി സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളില്‍ എത്രയും പെട്ടെന്നു തീരുമാനമെടുക്കണമെന്നു കോടതി കഴിഞ്ഞ ജൂണ്‍ രണ്ടിനു കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. നടപ്പാക്കിയ കാര്യങ്ങള്‍ സംബന്ധിച്ചു വിശദാംശം ഹാജരാക്കണമെന്നു കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഹരജി ജൂലൈ ആറിനു വീണ്ടും പരിഗണിക്കും.

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News