റോഡിൽ വാഹനാഭ്യാസം വേണ്ട; 150 ദിനാർ പോകും: കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കേസ് കോടതിയിലെത്തിയാൽ ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവ്, 600 മുതൽ 1,000 ദിനാർ വരെ പിഴ അല്ലെങ്കിൽ രണ്ട് ശിക്ഷയും

Update: 2025-02-10 05:44 GMT

കുവൈത്ത് സിറ്റി: ഏപ്രിൽ 22ന് കുവൈത്തിൽ പുതിയ ഗതാഗത നിയമ പരിഷ്‌കാരം പ്രാബല്യത്തിലാകുന്നതോടെ നിയമവിരുദ്ധ റേസിംഗിനും അപകടകരമായ ഡ്രൈവിംഗിനും 150 ദിനാർ പിഴ നൽകേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം. പെർമിറ്റ് ഇല്ലാതെ പൊതു റോഡുകളിൽ മോട്ടോർ വാഹന റേസുകൾ നടത്തുന്നവർ, പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്നവർ, അശ്രദ്ധമായി വാഹനങ്ങളിൽ ഒത്തുചേരുന്നവർ - മറ്റുള്ളവരെയും സ്വന്തത്തെ തന്നെയും അപകടത്തിലാക്കുന്നവർ- എന്നിവർക്ക് സെറ്റിൽമെന്റ് ഓർഡർ പ്രകാരം 150 ദിനാർ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

അതേസമയം, കേസ് കോടതിയിലേക്ക് റഫർ ചെയ്താൽ, ഒരു വർഷം മുതൽ പരമാവധി മൂന്ന് വർഷം വരെ തടവ്, 600 മുതൽ 1,000 ദിനാർ വരെ പിഴ അല്ലെങ്കിൽ രണ്ട് ശിക്ഷയും നേരിടേണ്ടി വന്നേക്കും.

Advertising
Advertising

അതേസമയം, ഡ്രൈവിംഗിനിടെ മൊബൈൽ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളോ മറ്റേതെങ്കിലും ഹാൻഡ്‌ഹെൽഡ് ഉപകരണമോ ഉപയോഗിക്കുക, അല്ലെങ്കിൽ ഡ്രൈവ് ചെയ്യുമ്പോൾ റോഡിൽ നിന്ന് ശ്രദ്ധ തിരിക്കുകയോ ചെയ്താൽ 75 കുവൈത്ത് ദിനാറാണ് സെറ്റിൽമെന്റ് ഓർഡർ.

കേസ് കോടതിയിലേക്ക് റഫർ ചെയ്യപ്പെട്ടാൽ, മൂന്നു മാസത്തിൽ കൂടാത്ത തടവും 150 ദിനാറിൽ കുറയാത്തതും 300 ദിനാറിൽ കൂടാത്തതുമായ പിഴയും അല്ലെങ്കിൽ ഈ രണ്ടിലൊരു ശിക്ഷയും ലഭിക്കും.

വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ 30 കുവൈത്ത് ദിനാറാണ് സെറ്റിൽമെന്റ് ഓർഡർ. കേസ് കോടതിയിലേക്ക് റഫർ ചെയ്യപ്പെട്ടാൽ ഒരു മാസത്തിൽ കൂടാത്ത തടവും 50 ദിനാറിൽ കുറയാത്തതും 100 ദിനാറിൽ കൂടാത്തതുമായ പിഴയും അല്ലെങ്കിൽ ഈ രണ്ടിലൊരു ശിക്ഷയും ലഭിക്കും. സീറ്റ് ബെൽറ്റ് ധരിക്കുന്നത് അപകടത്തെ തുടർന്ന് മരണവും ഗുരുതര പരിക്കുമുണ്ടാകുന്നത് 50% വരെ കുറയ്ക്കുമെന്നും അധികൃതർ പറഞ്ഞു.

പുതിയ ട്രാഫിക് നിയമത്തെക്കുറിച്ച് അവബോധം നൽകാനായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിപുല പ്രചാരണം നടത്തിവരികയാണ്. ഒന്നിലധികം ഭാഷകളിൽ ബ്രോഷറുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ആഭ്യന്തര മന്ത്രാലയം എല്ലാ ഗതാഗത ലംഘനങ്ങളുടെയും വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുമെന്നും ഓരോ കുറ്റകൃത്യവും അതിന്റെ പിഴയും വ്യക്തമാക്കുമെന്നും ഒരു സുരക്ഷാ സ്രോതസ്സ് അറിയിച്ചതായി അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News