കുവൈത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ നിന്ന് 156 കുപ്പി മദ്യം പിടിച്ചെടുത്തു
പൊലീസിനെ കണ്ടപ്പോൾ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ അനധികൃത മദ്യക്കച്ചവടത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കി സുരക്ഷാ സേന. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 156 മദ്യക്കുപ്പികളാണ് അധികൃതർ കഴിഞ്ഞ ദിവസം പിടികൂടിയത്. ജലീബ് അൽ ഷുയൂഖിൽ നടന്ന ആദ്യ സംഭവത്തിൽ, പൊലീസ് പട്രോളിംഗ് സംഘം ഒരു എസ്യുവിയിൽ നിന്ന് 109 കുപ്പി വിദേശ നിർമിത മദ്യം പിടിച്ചെടുത്തു. പൊലീസ് വാഹനം അടുത്ത് കണ്ടപ്പോൾ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
വെസ്റ്റ് അബ്ദുള്ള അൽ മുബാറക്കിൽ നടന്ന രണ്ടാമത്തെ സംഭവത്തിൽ, ഒരു സെഡാൻ കാറിൽ നിന്ന് 47 കുപ്പി പ്രാദേശികമായി നിർമിച്ച മദ്യം കണ്ടെടുത്തു. ഇവിടെയും ഡ്രൈവർ പൊലീസിനെ കണ്ടപ്പോൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
രണ്ട് വാഹനങ്ങളുടെയും രജിസ്റ്റേർഡ് ഉടമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മദ്യം കൈവശം വെച്ച് വിൽക്കാൻ ശ്രമിച്ചതിന് ഇരുവർക്കുമെതിരെ കേസെടുത്തു. കേസ് തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും പരിശോധനകൾ ശക്തമാക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.