കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന് 34 വയസ്സ്

1990 ആഗസ്റ്റ് രണ്ടിനാണ് ഇറാഖി അധനിവേശ സേന കുവൈത്തിൽ കടന്നു കയറിയത്

Update: 2024-08-02 13:06 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന് 34 വയസ്സ്. ചരിത്രത്തിലേക്കുള്ള ശേഷിപ്പുകളായി കെട്ടിടങ്ങളും മയാത്ത ഓർമകളും. കെടുതികളുടെ സ്മരണകൾക്കിടയിലും ഇറാഖുമായി ഊഷ്മളമായ അയൽ ബന്ധത്തിലാണ് കുവൈത്ത് ഇപ്പോൾ. 1990 ആഗസ്റ്റ് രണ്ടിനാണ് ഇറാഖി അധനിവേശ സേന കുവൈത്തിൽ കടന്നു കയറിയത്. മണിക്കൂറുകൾക്കുള്ളിൽ കുവൈത്ത് സിറ്റി പിടിച്ചെടുത്ത ഇറാഖ് സൈന്യം പ്രവിശ്യ സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു. ചെറുത്തുനിൽപ്പിനിടെ നിരവധി സൈനികരും സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്. കുവൈത്തിലെ വൻ എണ്ണ ശേഖരത്തിന്റെ നിയന്ത്രണവും ഇറാഖ് ഏറ്റെടുത്തു.

Advertising
Advertising

1991 ജനുവരി 15നകം ഇറാഖ് സൈന്യം കുവൈത്തിൽ നിന്നും പിൻവാങ്ങിയില്ലെങ്കിൽ, ഇറാഖിനെതിരെ ബലപ്രയോഗത്തിന് അനുമതി നൽകുന്ന പ്രമേയം നവംബർ 29ന് യു.എൻ രക്ഷാസമിതി പാസാക്കി. ഇറാഖിന്റെ ഒരു പ്രവിശ്യയായി പ്രഖ്യാപിച്ച കുവൈത്തിൽനിന്ന് സേനയെ പിൻവലിക്കാൻ സദ്ദാം ഹുസൈൻ വിസമ്മതിച്ചു. ഇതോടെ, 1991 ജനുവരി 16ന് 'ഓപറേഷൻ ഡേസേർട്ട് സ്‌റ്റോം' എന്ന പേരിൽ അമേരിക്കയും ബ്രിട്ടനും നേതൃത്വം നൽകിയ 34 രാജ്യങ്ങൾ അടങ്ങിയ സഖ്യസേന ഇറാഖിനെതിരെ പ്രത്യാക്രമണം ആരംഭിച്ചു.

ശക്തമായ ആക്രമണത്തിൽ ഇറാഖ് സായുധ സേന അതിവേഗം കീഴടങ്ങി. 1991 ഫെബ്രുവരി 26 കുവൈത്ത് മോചിപ്പിക്കപ്പെട്ടു. 2,231 കുവൈത്തികളാണ് ഇറാഖ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പതിനായിരങ്ങൾക്ക് പരിക്കേറ്റു.ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും അധിനിവേശത്തിന്റെ ദുരിതം അനുഭവിച്ചു. മരണം മുന്നിൽ കണ്ട ദിനങ്ങൾ പ്രവാസികളുടെ മനസ്സിൽനിന്ന് ഇനിയും മാഞ്ഞിട്ടില്ല.

സമ്പാദ്യമെല്ലാം ഒരു ദിവസംകൊണ്ട് നഷ്ടമായപ്പോൾ ഉടുതുണി മാത്രം ബാക്കിയായി, ദിവസങ്ങൾ നീണ്ട പട്ടിണിയുടെയും ദുരിതങ്ങളുടെയും ബാക്കിപത്രവുമായി നാട്ടിലെത്തിയ മലയാളികൾ അനവധിയാണ്. 34 വർഷങ്ങൾക്കിപ്പുറം സമ്പദ് സമൃതിയുടെ പിൻബലത്തിൽ കുവൈത്ത് നടുനിവർത്തി നിൽക്കുമ്പോഴും അധിനിവേശം വരുത്തിവെച്ച കെടുതികളുടെ സ്മരണ ഇന്നും ഈ മണ്ണിൽനിന്ന് മാഞ്ഞിട്ടില്ല.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News