കുവൈത്തിൽ ഒന്നര ലക്ഷം ദിനാർ വില വരുന്ന 50 കിലോ കഞ്ചാവ് പിടികൂടി

കടൽ വഴിയുള്ള കള്ളക്കടത്തിൽ നാലുപേർ അറസ്റ്റിൽ

Update: 2024-06-09 12:38 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒന്നര ലക്ഷം ദിനാർ വില വരുന്ന 50 കിലോ കഞ്ചാവ് പിടികൂടി. കടൽ വഴിയുള്ള കള്ളക്കടത്തിൽ നാലുപേർ അറസ്റ്റിലാകുകയും ചെയ്തു. കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ, നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ചാണ് കഞ്ചാവ് കടത്താനുള്ള ശ്രമം വിജയകരമായി തടഞ്ഞത്. പിടികൂടിയ മയക്കുമരുന്നുകളുടെ വിപണി മൂല്യം 150,000 കുവൈത്ത് ദിനാറാണ്.

മയക്കുമരുന്ന് വിൽപനക്കാരെയും കള്ളക്കടത്തുകാരെയും നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഓപ്പറേഷൻ. കോസ്റ്റ് ഗാർഡ്, നൂതന റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച്, സംശയിക്കുന്നവരുടെ സ്ഥാനം കണ്ടെത്തി പിടികൂടുകയായിരുന്നു.

Advertising
Advertising

സമുദ്രാതിർത്തികളിൽ പതിവ് നിരീക്ഷണം നടത്തുന്നതിനിടെയാണ് കള്ളക്കടത്ത് ശ്രമത്തെക്കുറിച്ച് കോസ്റ്റ് ഗാർഡിന് രഹസ്യവിവരം ലഭിച്ചത്. വിശദമായ അന്വേഷണം നടത്തി ആവശ്യമായ നിയമപരമായ അനുമതികൾ നേടിയ ശേഷം ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടുകയും കഞ്ചാവ് കണ്ടുകെട്ടുകയും ചെയ്യുകയുമായിരുന്നു.

അതിർത്തി സുരക്ഷാ കാര്യങ്ങളുടെ ആഭ്യന്തര മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ മുജ്ബിൽ ബിൻ ഷൗഖിന്റെ മേൽനോട്ടത്തിലായിരുന്നു ദൗത്യം. കോസ്റ്റ് ഗാർഡ് ജനറൽ അഡ്മിനിസ്ട്രേഷനിലെ നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രതികളെയും പിടികൂടിയ മയക്കുമരുന്നും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News