1400 വർഷം പഴക്കമുള്ള കിണർ; ഫൈലാക ദ്വീപ് പുരാവസ്തു ഗവേഷണത്തിൽ നിർണായക കണ്ടെത്തൽ

Update: 2025-03-16 12:38 GMT
Editor : Thameem CP | By : Web Desk

കുവൈത്ത് സിറ്റി: ഫൈലാക ദ്വീപ് പുരാവസ്തു ഗവേഷണത്തിൽ നിർണായക കണ്ടെത്തൽ. 1400 വർഷം പഴക്കമുള്ള കിണറാണ് പുതുതായി കണ്ടെത്തിയത്. പ്രീ-ഇസ്ലാമിക്, ആദ്യകാല ഇസ്ലാമിക് കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന സുപ്രധാനമായ കണ്ടെത്തലാണിതെന്ന് അധികൃതർ പറഞ്ഞു. നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് (NCCAL) ആണ് ഈ സുപ്രധാന കണ്ടെത്തൽ പുറത്തുവിട്ടത്. കിണറിന്റെ ശ്രദ്ധേയമായ വലിപ്പവും, ഇപ്പോഴും ജലം ലഭ്യമാണ് എന്നുള്ളതും ഈ കണ്ടെത്തലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

NCCAL-ലെ പുരാവസ്തു, മ്യൂസിയം വിഭാഗം ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റെദയുടെ വിശദീകരണമനുസരിച്ച്, ഈ കിണർ ഏഴാം-എട്ടാം നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ട ഒരു വലിയ വീടിന്റെ മുറ്റത്താണ് സ്ഥിതി ചെയ്യുന്നത്. കിണറിനോടനുബന്ധിച്ച് ഒരു കെട്ടിടത്തിന്റെ ശിലാ അടിത്തറകളും, മുറ്റം, വീട്, കിണർ എന്നിവ ഉൾക്കൊള്ളുന്ന ഒരു വലിയ മതിലിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, 1300 മുതൽ 1400 വർഷം വരെ പഴക്കമുള്ള, കളിമൺ പാത്രങ്ങളുടെ അവശിഷ്ടങ്ങളും ഖനനത്തിൽ ലഭ്യച്ചു.

Advertising
Advertising

2019ൽ ആരംഭിച്ച കുവൈത്ത്-സ്ലോവാക്യൻ പുരാവസ്തു ദൗത്യത്തിന്റെ തുടർച്ചയായ ഖനന ശ്രമങ്ങളുടെ ഭാഗമാണ് ഈ കണ്ടെത്തൽ. ഫൈലക ദ്വീപിന്റെ മധ്യഭാഗത്തുള്ള അൽ-ഖുസൂർ, പ്രീ-ഇസ്ലാമിക് കാലം മുതൽ ആദ്യകാല, പിൽക്കാല ഇസ്ലാമിക് കാലഘട്ടം വരെ നീളുന്ന വിവിധ ചരിത്ര ഘട്ടങ്ങളെ ഉൾക്കൊള്ളുന്ന ഏറ്റവും വലിയ പുരാവസ്തു കേന്ദ്രങ്ങളിൽ ഒന്നാണ്.

ഈ കണ്ടെത്തലുകൾ ഫൈലാക ദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നാണെന്ന് കുവൈത്ത് യൂണിവേഴ്സിറ്റിയിലെ ആർക്കിയോളജി, ആന്ത്രോപോളജി പ്രൊഫസർ ഡോ. ഹസ്സൻ അഷ്‌കാനി അഭിപ്രായപ്പെട്ടു. ക്രിസ്ത്യൻ കാലഘട്ടത്തിലേക്കും ആദ്യകാല ഇസ്ലാമിക് കാലഘട്ടത്തിലേക്കും വെളിച്ചം വീശുന്ന ഈ കണ്ടെത്തലുകൾ, അക്കാലത്തെ ദ്വീപിലെ സാംസ്‌കാരിക പ്രവർത്തനങ്ങളെ എടുത്തുകാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, 1400 വർഷം മുമ്പത്തെ ദ്വീപിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്ന മാണിക്യവും പർപ്പിൾ അമേത്തിസ്റ്റും ഉൾപ്പെടെ 5 കിലോഗ്രാമിലധികം വിലയേറിയ രത്‌നങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News