എടിഎം തട്ടിപ്പ്: കുവൈത്തിൽ വിദേശികളായ മൂന്നംഗ സംഘം പിടിയിൽ
കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്
കുവൈത്ത് സിറ്റി: എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശികളായ മൂന്നംഗ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ്അറസ്റ്റ് ചെയ്തു. കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ദുരുപയോഗം ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
വെറും 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ബംഗ്ലാദേശ് സ്വദേശിയായ എം.ഡി. രാജു എം.ഡി. പെന്റോമിയയാണെന്ന് കണ്ടെത്തി. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ ദൃശ്യങ്ങൾ ബയോമെട്രിക് ഫിംഗർപ്രിന്റ് ഡാറ്റാബേസുമായി ഒത്തുനോക്കിയാണ് ഇയാളെ തിരിച്ചറിഞ്ഞത്. ജലീബ് അൽ-ഷുയൂഖിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുമ്പോൾ 5,000 കുവൈത്ത് ദിനാർ, സിം കാർഡുകൾ, ബാങ്ക് കാർഡുകൾ, പണം വിദേശത്തേക്ക് അയയ്ക്കാൻ ഉപയോഗിച്ച മണി എക്‌സ്‌ചേഞ്ച് രസീതുകൾ എന്നിവ കണ്ടെടുത്തു.
തുടർന്നുള്ള അന്വേഷണത്തിൽ രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തി. രാജുവിന് സഹായം നൽകിയിരുന്നത് പാകിസ്ഥാൻ സ്വദേശികളായ ദിൽഷരീഫ് ഷെലേമി, മിർസ ജാഹാ മിർസ എന്നിവരാണെന്ന് തെളിഞ്ഞു. മിർസ ജനറൽ ട്രേഡിംഗ് കമ്പനി എന്ന റെഡിമെയ്ഡ് ഗാർമെന്റ്‌സ് കമ്പനിയുടെ മറവിലാണ് ഇവർ 'അനധികൃത പണമിടപാട്' ബിസിനസ് നടത്തിയിരുന്നത്. മുൻപ് ഇവർ നടത്തിയിരുന്ന മണി എക്‌സ്‌ചേഞ്ച് സ്ഥാപനം അനധികൃത പ്രവർത്തനങ്ങളുടെ പേരിൽ അധികൃതർ അടച്ചുപൂട്ടിയിരുന്നു. ഖൈത്താനിൽ നിന്ന് അറസ്റ്റ് ചെയ്ത ഇവരുടെ കൈവശം തട്ടിപ്പിനായി ഉപയോഗിച്ച ഉപകരണങ്ങളും ഉണ്ടായിരുന്നു.
പാകിസ്താനിലെ തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളായ ബയോമെട്രിക് ഫിംഗർപ്രിന്റിംഗ് പോലുള്ളവ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ കണ്ടെത്താനും സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന ഏതൊരു പ്രവർത്തനത്തെയും നേരിടാനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.