കുവൈത്തിൽ മെയ് ഒന്ന് മുതൽ നാല് വരെ ബാങ്ക് അവധി
മെയ് അഞ്ച് വ്യാഴാഴ്ച പൊതു അവധി ആണെങ്കിലും എല്ലാ ബാങ്കുകളുടെയും ഹെഡ് ഓഫീസുകളും പരിമിതമായ തോതിൽ പ്രധാന ബ്രാഞ്ചുകളും പ്രവർത്തിക്കും.
കുവൈത്തിൽ മെയ് ഒന്ന് മുതൽ നാല് വരെ ബാങ്ക് അവധി ആയിരിക്കുമെന്ന് ബാങ്കിങ് അസോസിയേഷൻ അറിയിച്ചു. മെയ് അഞ്ച് വ്യാഴാഴ്ച പൊതു അവധി ആണെങ്കിലും എല്ലാ ബാങ്കുകളുടെയും ഹെഡ് ഓഫീസുകളും പരിമിതമായ തോതിൽ പ്രധാന ബ്രാഞ്ചുകളും പ്രവർത്തിക്കും.
രാജ്യത്തെ ആറു ഗവർണറേറ്റുകളിലെയും പ്രധാന ബ്രാഞ്ചുകൾ വഴിയും മെയ് അഞ്ചിന് പൊതു ജനങ്ങൾക്ക് ബാങ്കിങ് സേവനങ്ങൾ നടത്താം. മെയ് എട്ടു ഞായറാഴ്ച മുതലാണ് എല്ലാ ബ്രാഞ്ചുകളും സാധാരണ രീതിയിൽ പ്രവർത്തിച്ചു തുടങ്ങുക എന്നും ബാങ്കിങ് അസോസിയേഷൻ വക്താവ് ഷെയ്‌ഖ അൽ ഈസ അറിയിച്ചു.
ഈദുൽ ഫിത്തർ പ്രമാണിച്ച് സർക്കാർ മെയില്‍ അഞ്ചു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്കുകളുടെ അവധി സംബന്ധിച്ചു അസോസിയേഷൻ വ്യക്തത വരുത്തിയത്. അതിനിടെ പെരുന്നാൾ പ്രമാണിച്ചു പുതിയ കറൻസികൾ രാജ്യത്തെ എല്ലാ ബാങ്കുകളിലും ലഭ്യമാക്കുമെന്നു സെൻട്രൽ ബാങ്ക് അറിയിച്ചു. കാൽ, അര, ഒരു ദിനാർ പുത്തൻ നോട്ടുകൾക്കാണ് പെരുന്നാൾ കാലത്ത് ആവശ്യക്കാർ വർദ്ധിക്കുക. അഞ്ചു, പത്ത്, ഇരുപത് നോട്ടുകളും ഈദ് അവധിക്ക് മുമ്പ് മതിയായ അളവിൽ ബാങ്കുകളിൽ ലഭ്യമാക്കുമെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്.