അറുപത് വയസിന്റെ നിറവിൽ കുവൈത്തിലെ സഹകരണ പ്രസ്ഥാനം

Update: 2022-08-07 09:10 GMT

കുവൈത്തിലെ ഹകരണ പ്രസ്ഥാനത്തിന് അറുപത് വയസ്സ് പൂർത്തിയാകുന്നു. 1962 ആഗസ്റ്റ് ആറിനാണ് രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വികാസത്തിൽ നിർണായക പങ്ക് വഹിക്കുന്ന കോ-ഓപ്പറേറ്റീവ് പ്രസ്ഥാനത്തിനു തുടക്കമായത്. അറുപതാം വാർഷികത്തിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തതായി യൂണിയൻ ഓഫ് കൺസ്യൂമർ കോ-ഓപറേറ്റിവ് സൊസൈറ്റീസ് ഡയരക്ടർ അബ്ദുൽ അസീസ് അഅദ് പറഞ്ഞു.

അമീർ ശൈഖ് അബ്ദുല്ല അൽ സാലിം അസ്സബാഹിന്റെ ഭരണകാലത്താണ് ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ രൂപീകരണത്തിനു വഴിയൊരുക്കിയ നിയമനിർമാണം നടന്നത്.

1962 ആഗസ്റ്റ് ആറാം തിയ്യതിയിലെ അമീരി ഉത്തരവിലൂടെ ജംഇയകൾ പിറവിയെടുത്തു. ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളിൽ ഒന്നാണ് കുവൈത്തിലേത്. രാജ്യവ്യാപകമായി അടിസ്ഥാന ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുന്നതിൽ ജംഇയകൾക്ക് വലിയ പങ്കുണ്ട്.

Advertising
Advertising

ജി.സി.സി, അറബ് മേഖലകളിൽ പരസ്പരസഹകരണത്തിന്റെ മികച്ച മാതൃക സൃഷ്ടിക്കാൻ കുവൈത്തിലെ സഹകരണ പ്രസ്ഥാനത്തിന് സാധിച്ചതായി യൂണിയൻ ഓഫ് കോ-ഓപറേറ്റിവ് സൊസൈറ്റീസ് തലവൻ അബ്ദുൽ അസീസ് അൽ സഅദ് പറഞ്ഞു.

തൊഴിൽ രംഗത്തും സാമ്പത്തിക രംഗത്തും രാജ്യത്തിനു കരുത്തു പകരാൻ ജംഇയകൾക്ക് സാധിച്ചിട്ടുണ്ട്. 1990ലെ അധിനിവേശകാലത്തും, കോവിഡ് പ്രതിസന്ധിക്കാലത്തും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ ജംഇയകളുടെ പങ്കു ചെറുതല്ല. പ്രദേശവാസികൾ ചേർന്നു തെരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് ഓരോ പ്രദേശത്തെയും സംഘത്തിനു നേതൃത്വം നൽകുന്നത്. സ്വാതന്ത്രമാണെങ്കിലും മുഴുവൻ സഹകരണ സംഘങ്ങളും യൂണിയൻ ഓഫ് കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സൊസൈറ്റയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. ഇന്റർനാഷനൽ കോ-ഓപറേറ്റിവ് അലയൻസ്, അറബ് കോ-ഓപറേറ്റിവ് യൂനിയൻ എന്നിവയിലും അംഗമാണ് കുവൈത്ത് സഹകരണ യൂണിയൻ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News