സൈബർ ക്രൈം വർധിക്കുന്നു; ജാഗ്രതാ നിർദേശം പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
ഒരു കാരണവശാലും വ്യക്തി വിവരങ്ങളും ബാങ്ക് വിവരങ്ങളും മറ്റൊരാളുമായി പങ്കുവയ്ക്കരുതെന്ന് കുവൈത്ത് മന്ത്രാലയം വ്യക്തമാക്കി
കുവൈത്ത് സിറ്റി: സൈബർ ക്രൈം വർധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശം പുറത്തിറക്കി. സൈബര്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരുമായി ഉടൻ ബന്ധപ്പെടണമെന്ന് മന്ത്രാലയം അറിയിച്ചു.
ബാങ്ക്, ടെലികോം കമ്പനികള്‍, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ നിന്നാണെന്ന വ്യാജേന സന്ദേശങ്ങളും ഫോണ്‍ കോളുകളും വഴി വ്യക്തി വിവരങ്ങൾ ശേഖരിച്ചുള്ള തട്ടിപ്പ് വർധിച്ച സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ കൂടിയതിനെ തുടര്‍ന്നാണ് ഈ മേഖലയില്‍ തട്ടിപ്പുകളും വര്‍ധിച്ചിരിക്കുന്നത്. ഒരു കാരണവശാലും വ്യക്തി വിവരങ്ങളും ബാങ്ക് വിവരങ്ങളും മറ്റൊരാളുമായി പങ്കുവയ്ക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒ.ടി.പി നമ്പര്‍ കൈവശപ്പെടുത്തി അതുവഴി ഫോണില്‍ നിന്നും അക്കൗണ്ട് നമ്പറുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുകയും പണം കവരുകയുമാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. തട്ടിപ്പിന് ഇരയായവര്‍ പരാതി നല്‍കുവാന്‍ മടിക്കുന്നത് കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് സഹായകമാകുന്നതായി അധികൃതര്‍ വ്യക്തമാക്കി. അതിനിടെ ഫോണില്‍ കൂടി മറുപടികള്‍ നല്‍കുന്നതിന് മുമ്പ് സന്ദേശങ്ങളുടെയും ഫോണ്‍ കോളുകടേയും ആധികാരികത ഉറപ്പ് വരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.