'ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തും': കുവൈത്ത്-ബ്രിട്ടീഷ് ജോയിന്റ് സ്റ്റിയറിങ് ഗ്രൂപ്പില്‍ തീരുമാനം
കുവൈത്ത് വിദേശകാര്യ സഹ മന്ത്രി മൻസൂർ അൽ ഒതൈബിയും ബ്രിട്ടീഷ് മിഡിൽ ഈസ്റ്റ് അഫയേഴ്‌സ് സഹമന്ത്രി താരിഖ് അഹമ്മദും ധാരണാപത്രത്തിൽ ഒപ്പുവച്ചു
കുവൈത്ത്-ബ്രിട്ടീഷ് ജോയിന്റ് സ്റ്റിയറിങ് ഗ്രൂപ്പിന്റെ 19ാമത് സെഷൻ
കുവൈത്ത് സിറ്റി: കുവൈത്ത്-ബ്രിട്ടീഷ് ജോയിന്റ് സ്റ്റിയറിങ് ഗ്രൂപ്പിന്റെ 19ാമത് സെഷൻ കുവൈത്തിൽ നടന്നു. കുവൈത്ത് വിദേശകാര്യ സഹ മന്ത്രി മൻസൂർ അൽ ഒതൈബിയും ബ്രിട്ടീഷ് മിഡിൽ ഈസ്റ്റ് അഫയേഴ്‌സ് സഹമന്ത്രി താരിഖ് അഹമ്മദും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
സമ്പദ്‌വ്യവസ്ഥ, പ്രതിരോധം, സുരക്ഷ, ആരോഗ്യം, സാംസ്‌കാരികം, ശാസ്ത്രം, ജുഡീഷ്യൽ, സൈബർ സുരക്ഷ, വികസന പദ്ധതികൾ തുടങ്ങി വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് യോഗത്തിൽ ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വിദേശകാര്യ മന്ത്രിമാരുടെ തലത്തിൽ സംയുക്ത സംഭാഷണം ആരംഭിക്കുന്നത് പരിഗണിക്കും.
വ്യോമയാന സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന് കുവൈത്തിനുള്ള ബ്രിട്ടീഷ് സഹായത്തെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അൽ ഒതൈബി അഭിനന്ദിച്ചു. സിവിൽ ഏവിയേഷൻ സുരക്ഷയുടെ നിലവാരം ഉയർത്തുന്നതിനായി സംയുക്ത പരിപാടികളും പരിശീലന കോഴ്‌സുകളും വർക്ക്‌ഷോപ്പുകളും നടത്തും . ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ സ്ഥിരമായ വളർച്ചയില്‍ സംതൃപ്തി രേഖപ്പെടുത്തിയ യോഗം പരസ്പര നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും തീരുമാനിച്ചു. ജോയിന്റ് സ്റ്റിയറിംഗ് ഗ്രൂപ്പിന്റെ അടുത്ത ആറ് മാസത്തേക്കുള്ള പ്രവർത്തന പദ്ധതിയില്‍ ഇരുവരും ഒപ്പുവച്ചു.